ഗാലറിയിൽ ഇഷ്ടമുള്ള ഇടം തിരഞ്ഞെടുക്കാം ; കാഴ്ചയില്ലാത്തവർക്ക് ഓഡിയോ ഡിസ്‌ക്രിപ്റ്റീവ് കമന്ററി ഒരുക്കി ഖത്തർ
ദോഹ : അതിർവരമ്പുകളില്ലാതെ ഫുട്‌ബോൾ ആസ്വാദനം സാധ്യമാക്കി ഖത്തർ. കാഴ്ചയില്ലാത്തവർക്കും, കാഴ്ചാ വൈകല്യങ്ങളുള്ളവർക്കും ഓഡിയോ ഡിസ്‌ക്രിപ്റ്റീവ് കമന്ററി ഒരുക്കി സംഘടനാ മികവിൽ പ്രശംസ നേടുകയാണ് രാജ്യം . അറബിക്, ഇംഗ്ലീഷ്, എന്നീ രണ്ട് ഭാഷകളിലാണ് ഫുട്‌ബോൾ മത്സരത്തിന്റെ വിവരണം നൽകുന്നത്. ഇതോടെ പ്രത്യേക ഇടങ്ങളിൽ ഇരിക്കാതെ വേദിയുടെ ഏത് ഭാഗത്തുനിന്നും മത്സരം ആവേശ പൂർവ്വം ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഹമദ് ബിൻ ഖലീഫ സർവകലാശാലയാണ് (എച്ച്ബികെയു) കമന്ററി സേവനം ലഭ്യമാക്കുന്നത്. ഫിഫ ഇന്റർപ്രെറ്റിങ് ആപ്ലിക്കേഷന്റെ സഹായത്തോടെ മത്സരത്തിന്റെ ഓഡിയോ വിവരണം ആസ്വദിക്കാനാകും.
സെന്റർ ഫോർ അക്സസ് ടു ഫുട്ബോൾ ഇൻ യൂറോപ്പുമായി(സിഎഎഫ്ഇ) സഹകരിച്ചാണ് എച്ച്ബികെയുവിന്റെ ട്രാൻസ്‌ലേഷൻ ആൻഡ് ഇന്റർപ്രെറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട്(ടിഐഐ) എഡിസി സേവനം ഒരുക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ കാഴ്ചാ പ്രശ്‌നമുള്ളവർക്കെല്ലാം സ്റ്റേഡിയത്തിൽ പ്രത്യേക സ്ഥലം നൽകിയിരുന്നു.എന്നാലിപ്പോൾ സ്റ്റേഡിയത്തിൽ എവിടെയുമിരുന്ന് മത്സരത്തിന്റെ ആവേശകരമായ അന്തരീക്ഷം ആസ്വദിക്കാൻ കഴിയുമെന്നു മാത്രമല്ല മത്സരങ്ങളുടെ തൽസമയ വിവരണം കമന്ററിയിലൂടെ കേൾക്കാനും കഴിയും.
2021ലെ ഫിഫ അറബ് കപ്പ്, ഒക്‌ടോബറിൽ നടന്ന സ്ട്രീറ്റ് ചൈൽഡ് ലോകകപ്പ് എന്നിവ ഉൾപ്പെടെ ഖത്തറിൽ നടന്ന നിരവധി കായിക ടൂർണമെന്റുകളിൽ സമാന രീതിയിൽ അറബിക് കമന്ററി നടപ്പാക്കിയിരുന്നു. ഭാവിയിലെ കായിക മത്സരങ്ങളിലും ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിലേക്കുള്ള ചുവടുവയ്പ്പാണ് ഈ ലോകകപ്പിലേത്.