Begin typing your search...

യു എ ഇ പ്രസിഡന്റിന് ഖത്തറിൽ ഊഷ്‌മള സ്വീകരണം, വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് ഖത്തർ അമീർ

യു എ ഇ പ്രസിഡന്റിന് ഖത്തറിൽ ഊഷ്‌മള സ്വീകരണം, വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് ഖത്തർ അമീർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ഖത്തറിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഊഷ്മള സ്വീകരണം നൽകി ഖത്തർ. ഖത്തർ അമീറിന്റെ ക്ഷണം സ്വീകരിച്ച് ഇന്നലെ ഔദ്യോഗിക സന്ദർശനത്തിന് ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യു എ ഇ പ്രസിഡന്റിനെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നേരിട്ടെത്തി സ്വീകരിച്ചു. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിന് മേലുള്ള ഉപരോധം പിൻവലിച്ച ശേഷമുള്ള അൽ നഹ്യാന്റെ ആദ്യ സന്ദർശനമാണിത്. ഖത്തറുമായുള്ള തർക്കങ്ങൾ പരിഹരിച്ച ശേഷം ഊഷ്‌മള ബന്ധമാണ് എല്ലാ ജി സി സി രാജ്യങ്ങൾക്കിടയിലുമുള്ളത്.

യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് സന്ദർശനമെന്നതും ശ്രദ്ധേയം. ഉപരോധം പിൻവലിച്ച ശേഷം യുഎഇയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിരവധി തവണ ഖത്തർ സന്ദർശിച്ചിരുന്നു. ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തിരുന്നു.

ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കവെ യുഎഇ പ്രസിഡന്റിന്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ സഹോദര, സൗഹൃദ, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും . ഗൾഫ് ഐക്യത്തിന് ആക്കം കൂട്ടാൻ ഒരുമിച്ചുള്ള പ്രവർത്തനങ്ങളും ശക്തിപ്പെടും. അമീരി ദിവാനിൽ നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിൽ ഖത്തറിനെ യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ദൃഢപ്പെടുത്തുന്നത് മാത്രമല്ല ഗൾഫ് ഐക്യം ശക്തിപ്പെടുത്തുന്നതും ഇരുവരും ചർച്ച ചെയ്തു. പൊതു താൽപര്യമുള്ള മേഖലാ, രാജ്യാന്തര വിഷയങ്ങളും ചർച്ചയായി.

അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി, അമീരി ദിവാൻ ചീഫ് ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂൺ ബിൻ സയിദ് അൽ നഹ്യാൻ, ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സയിദ് അൽ നഹ്യാൻ, ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ, ഷെയ്ഖുമാർ എന്നിവരും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു. അമീറിന്റെ ഔദ്യോഗിക വിരുന്നിൽ പങ്കെടുത്ത ശേഷമാണ് യുഎഇ പ്രസിഡന്റും സംഘവും മടങ്ങിയത്. യാത്രയയക്കാൻ അമീർ ഷെയ്ഖ് തമീമും സംഘവും വിമാനത്താവളത്തിൽ എത്തിയിരുന്നു.

Krishnendhu
Next Story
Share it