ലോകകപ്പ് ; ഖത്തറിലെ മലയാളി ആരാധക ജനസമുദ്രം
ദോഹ : ആവേശം ആളിക്കത്തിച്ച് മലയാളി ആരാധകർ ഖത്തറിലെ ലുസൈൽ ബൊളിവാഡ് സ്ട്രീറ്റിൽ. പാട്ടും മേളവും കോടി ഉയർത്തലുകളുമായി മലയാളികൾ ആഘോഷത്തിമിർപ്പിലാണ്. മലയാളി ജനസമുദ്രം തന്നെയാണ് ഇത്തവണ ഖത്തറിലേക്കെത്തിയിരിക്കുന്നത്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മലയാളി ആരാധക ജനസമുദ്രം ഇ വർഷമാണ് എന്നതിൽ തർക്കമില്ല. ഫിഫ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ നേരിട്ട് വീക്ഷിക്കാന്‍ പോകുന്ന ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യവുമായി ആയിരക്കണക്കിന് മലയാളികൾ ലുസൈൽ ബൊളിവാഡ് സ്ട്രീറ്റിൽ ഒഴുകിയെത്തി.
ഖത്തർ ലോകകപ്പിനും ഖത്തർ ദേശീയ ടീമിനും പിന്തുണ അറിയിച്ചു കൊണ്ടുള്ള റാലിയിൽ ഖത്തർ പതാകകൾക്കൊപ്പം ഇന്ത്യൻ പതാകയും ഉയർത്തിപ്പിടിച്ചാണ് ആരാധകർ മുന്നോട്ടു നീങ്ങിയത്.ബൊളിവാഡ് സ്ട്രീറ്റിൽ കൂട്ടം ചേർന്ന് ആഘോഷിക്കാനെത്തിയ മറ്റു രാജ്യക്കാർക്കും സ്വദേശികൾക്കും ഇന്ത്യയുടെ ഈ ആവേശപ്രകടനം കൗതുകമുള്ള കാഴ്ചയായി.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ചില വിദേശികളും കൂടി പങ്കാളികളായതോടെ ഖത്തർ ഇതുവരെ കാണാത്ത തരത്തിലുള്ള ആവേശപ്പൊരിച്ചിലിനാണ് ലുസൈൽ സാക്ഷ്യം വഹിച്ചത്.സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത ഫാൻസ് റാലി ഒരു മണിക്കൂറിനകം അവസാനിച്ചെങ്കിലും അതുകഴിഞ്ഞും ചെറിയ സംഘങ്ങളായി നിരവധി പേർ പാട്ടുപാടിയും നൃത്തം ചെയ്തും ലുസൈൽ ബൊളിവാഡ് സ്ട്രീറ്റിനെ മണിക്കൂറുകളോളം ആവേശക്കടലാക്കി മാറ്റി.
അര്ജന്റീനയുടെയും ബ്രസിലിന്റെയും ഇംഗ്ലണ്ടിന്റെയും നിറങ്ങളണിഞ്ഞ ആയിരക്കണിക്കിന് മലയാളികൾ കഴിഞ്ഞ വെള്ളിയാഴ്ച ദോഹ കോർണിഷിൽ നടത്തിയ ഫാൻസ് റാലി അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.ഇതിന് പിന്നാലെയാണ് ഖത്തറിന്റെ ജെഴ്‌സികൾ മാത്രം ധരിച്ച് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന വൻ ജനാവലി ലുസൈലിൽ ഒത്തുകൂടി ഖത്തർ ടീമിന് പിന്തുണ പ്രഖ്യാപിച്ചത്.