ഒമാനിൽ ഇനി വിസ മെഡിക്കലിന് എക്സറേ വേണ്ട ; പകരം 'ഇക്റ' പരിശോധന
പ്രവാസികളുടെ വിസ മെഡിക്കൽ നടപടികൾ കൂടുതൽ സുതാര്യവും സമഗ്രതയും ഉറപ്പുവരുത്താൻ മെഡിക്കല്‍ ഫിറ്റ്നസ് എക്സാമിനേഷന് സര്‍വിസ് (എം.എഫ്.എസ്) സംവിധാനവുമായി ആരോഗ്യ മന്ത്രാലയം. ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ നടക്കുന്ന കോമെക്സ് ഗ്ലോബല്‍ ടെക്നോളജി പ്രദര്‍ശനത്തില്‍ ആരോഗ്യമന്ത്രി ഹിലാല്‍ ബിന്‍ അലി അല്‍ സാബ്തിയാണ് പുതിയ സംവിധാനം ആരംഭിച്ചത്. മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനക്ക് പ്രവാസികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം പറ്റുമെന്നതാണ് മെഡിക്കല്‍ ഫിറ്റ്നസ് എക്സാമിനേഷന് സര്‍വിസിന്റെ സവിശേഷതകളിലൊന്ന്. സനദ് ഓഫിസുകള്‍ വഴിയും രജിസ്ട്രേഷന് ചെയ്യാൻ സാധിക്കും. വഫിദ് പ്ലാറ്റ്ഫോം വഴി രേഖകളുടെ കൃത്യത ഉറപ്പാക്കുകയും ചെയ്യാം.
പുതിയ സംവിധാനം മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം സമയം ലഭിക്കാനും ജോലിഭാരം കുറക്കുന്നതിനും സഹായകമാകും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിനും സേവനം ഗുണം ചെയ്യുമെന്നാണ് ആരോഗ്യ മന്ത്രാലയം കണക്കുകൂട്ടുന്നത്. വഫിദ് പ്ലാറ്റ്ഫോം വഴി രേഖകള്‍ കൃത്യമാണോയെന്നും പരിശോധിക്കാം. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്സൈറ്റ് വഴി വിസ നടപടികളും പൂര്‍ത്തിയാക്കാന്‍ കഴിയും.
നേരത്തേ മെഡിക്കല്‍ എടുക്കുന്നയാളുടെ ഫോട്ടോ, ഫിംഗര്‍ പ്രിന്റ് എന്നിവ സർക്കാർ അംഗീകൃത വിസ മെഡിക്കല്‍ സ്ഥാപനങ്ങളുടെ സ്വന്തമായുള്ള സോഫ്റ്റ്വെയറുകള് ഉപയോഗിച്ചായിരുന്നു അപ്ലോഡ് ചെയ്തിരുന്നത്. എന്നാൽ, പുതിയ സംവിധാനം വഴി ഇനി ആരോഗ്യ മന്ത്രാലയത്തില്‍ നേരിട്ടു തന്നെ അപ്ലോഡ് ചെയ്യാന്‍ പറ്റും.
പുതിയ രീതി അനുസരിച്ച് വിസ മെഡിക്കലിന് ഇനി എക്സ്റേ എടുക്കേണ്ടതില്ല. ഇതിനു പകരം രക്തപരിശോധന വിഭാഗത്തില്‍പെടുന്ന ഇക്റ എന്ന പരിശോധനയാണ് നടത്തേണ്ടത്. മെഡിക്കല്‍ ഫിറ്റ്നസ് എക്സാമിനേഷന് സംവിധാനം വിസ മെഡിക്കൽ നടപടികൾ കൂടുതൽ സുതാര്യതയും സമഗ്രതയും ഉറപ്പുവരുത്തുന്നതിന് സഹായകമാകുമെന്ന് റൂവി ഹാനി ക്ലിനിക്ക് വിസ മെഡിക്കലിലെ ഡോ. മായബ്ബു ബിയറി പറഞ്ഞു.