ഒമാനിൽ ഇന്ന് മുതൽ മഴക്ക് സാധ്യത
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഉഷ്ണമേഖല ന്യൂനമർദമായി മാറിയതായി അധികൃതർ അറിയിച്ചു. ഒമാൻ തീരപ്രദേശത്തുനിന്ന് ഏകദേശം 950 കി.മീ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉഷ്ണമേഖല ന്യൂനമർദം പടിഞ്ഞാറോട്ട് ദോഫാർ ഗവർണറേറ്റിലേക്കും ഏദൻ ഉൾക്കടലിലേക്കും നീങ്ങുന്നതായാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്. ഇത് തീവ്ര ന്യൂനമർദമായി മാറുമെന്നും തിങ്കളാഴ്ച രാത്രി മുതൽ മഴ ലഭിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ബുധനാഴ്ചവരെ മഴ തുടർന്നേക്കും. അതേസമയം, തിങ്കളാഴ്ച വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലായിരിക്കും കൂടുതൽ മഴ ലഭിച്ചേക്കുക. മസ്കത്ത്, വടക്കൻ ശർഖിയ, ദഖിലിയ, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ബുറൈമി എന്നിവിടങ്ങളിൽ മഴയുടെ മഴയുടെ അളവ് 30-80 മി.മീ വരെയാണ് പ്രതീക്ഷിക്കുന്നത്. ആലിപ്പഴവും വർഷിച്ചേക്കും. മണിക്കൂറിൽ 28 മുതൽ 64 കി.മീ വേഗത്തിൽ കാറ്റും വീശയേക്കും.
ഇടിമിന്നലോട് കൂടിയ മഴക്കും മുന്നറിയിപ്പ് നൽകി. പ്രദേശവാസികൾ ജാഗ്രത പാലിക്കാനും മുൻകരുതലെടുക്കാനും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. വാദികൾ നിറഞ്ഞ് ഒഴുക്കുണ്ടാവുകയും മുറിച്ചുകടക്കരുതെന്നും അധികൃതർ നിർദേശിച്ചു..