വിനോദ സഞ്ചാരം, ചികിത്സ; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഒമാനിപൗരൻമാരുടെ എണ്ണം വർധിച്ചു
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഒമാനിപൗരൻമാരുടെ എണ്ണം വർധിച്ചു. ചികിത്സാ ആവശ്യാർത്ഥം കേരളത്തെയും ഇതര സംസ്ഥാനങ്ങളെയും തെരഞ്ഞെടുക്കുന്നവരും നിരവധി ആണ്. കഴിഞ്ഞ വർഷം 56,565 ഒമാനികൾ ഇന്ത്യ സന്ദർശിച്ചതായി ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് പറഞ്ഞു. പുതിയ ഇ-വിസ സംവിധാനം ഇന്ത്യയിലേക്ക് കൂടുതൽ സ്വദേശി പൗരൻമാരെ ആകർഷിക്കുന്നതായും ഒമാൻ-ഇന്ത്യ ബിസിനസ് ഫോറത്തിന്റെ ഭാഗമായി സംസാരിക്കവെ അമിത് നാരംഗ് പറഞ്ഞു.
ഇന്ത്യയിലേക്കുള്ള ഇ-വിസ 48 മണിക്കൂറിനുള്ളിൽ ലഭ്യമാണ്.16 ഒമാനി റിയാലാണ് ഇതിന് ചെലവ് വരുന്നതെന്നും അംബാസഡർ പറഞ്ഞു. 2040 വിഷന്റെ ഭാഗമായി ഇന്ത്യയും ഒമാനും തമ്മിൽ കൂടുതൽ മേഖലകളിൽ സഹകരണം ശക്തമാക്കും. പുനരുപയോഗ ഊർജം, പ്രതിരോധം, കടൽ സുരക്ഷ, മെറ്റൽ, ഖനനം, നിർമാണം, ലോജിസ്റ്റിക്സ്, എയ്റോ സ്പേസ് തുടങ്ങിയ മേഖലകളിൽ ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ സഹകരണം വ്യാപിപ്പിക്കുമെന്നും അമിത് നാരംഗ് കൂട്ടിച്ചേർത്തു. കാലാവസ്ഥയും മാറുന്നതോടെ വരും നാളുകളിൽ കൂടുതൽ പേർ ഇന്ത്യയിൽ വിനോദ സഞ്ചാരത്തിനെത്തും. ചികിത്സാ ആവശ്യാർഥം കേരളത്തെയും ഇതര സംസ്ഥാനങ്ങളെയും തിരഞ്ഞെടുക്കുന്നവരും നിരവധി.