ഒമാൻ ഭരണാധികാരിയുടെ ത്രിദിന ബെൽജിയം സന്ദർശനത്തിന് തുടക്കമായി
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ത്രിദിന ബെൽജിയം സന്ദർശനത്തിന് തുടക്കമായി. ഫിലിപ്പ് രാജാവിന്റേയും മതിൽഡെ രാജ്ഞിയുടെയും ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ബെൽജിയത്തിലെത്തിയത്.
സന്ദർശനത്തിന്റെ ഭാഗമായി ഫിലിപ്പ് രാജാവുമായി ഒമാൻ ഭരണാധികാരി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും പ്രധാന അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യാനുമാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. സന്ദർശനത്തിന്റെ ഭാഗമായി വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദർശനം വഴിയൊരുക്കും.
നയതന്ത്ര ഘടകം, തുറമുഖം, ഊർജ സഹകരണം, സാംസ്കാരിക സഹകരണം, പ്രതിരോധം, ബയോഫാർമസ്യൂട്ടിക്കൽ മേഖല, ബഹിരാകാശം എന്നീ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചനടത്തും. പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഊർജ, ധാതു വകുപ്പ് മന്ത്രി എൻജിനീയർ സലിം ബിൻ നാസിർ അൽ ഔഫി, ബെൽജിയത്തിലെ ഒമാൻ അംബാസഡർ റുവ ഇസ അൽ സദ്ജലി എന്നിവരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥ സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്.