ഗ്യാലക്സി ലീഡർ കപ്പലിലെ ജീവനക്കാരുടെ മോചനം ; ഒമാനെ അഭിനന്ദിച്ച് അറബ് പാർലമെൻ്റ്
ഗാലക്സി ലീഡർ കപ്പലിലെ ജീവനക്കാരുടെ മോചനത്തിലേക്ക് നയിച്ച ഒമാന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് അറബ് പാർലമെന്റ് . സുൽത്താനേറ്റ് നടത്തിയ മാനുഷിക ശ്രമങ്ങൾക്കും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് ലക്ഷ്യമിട്ട് നടത്തിയ മധ്യസ്ഥതയെ അഭിനന്ദിക്കുകയാണെന്ന് അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമഹി പറഞ്ഞു.
മേഖലയിലെ പിരിമുറുക്കം കുറക്കുന്നതിനും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും ഈ നടപടി സഹായകമാകുമെന്നാണ് അറബ് പാർലമെന്റ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹൂതികളുടെ തടവിൽ കഴിഞ്ഞിരുന്ന ഗാലക്സി ലീഡർ കപ്പലിലെ ജീവനക്കാരെ ഒമാന്റെ ഇടപെടലിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് യമനിൽ നിന്ന് വിട്ടയച്ചത്. ബഹാമാസ് രാജ്യത്തിന്റെ പതാകയുള്ള കപ്പൽ ചെങ്കടൽതീരത്തുനിന്ന് ഒരുവർഷം മുമ്പാണ് ഹൂതികൾ പിടിച്ചെടുക്കുന്നത്. വിഷയത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന സുൽത്താനേറ്റിന്റെ മധ്യസ്ഥത വിജയം കണ്ടതോടെയാണ് കപ്പൽ ജീവനക്കാർ മോചിതരായത്.
ബൾഗേറിയ, യുക്രെയ്ൻ, ഫിലിപ്പീൻസ്, മെക്സികോ, റുമേനിയ എന്നിവിടങ്ങളിൽ നിന്നുള്ള 25 പൗരന്മാരാണ് കപ്പൽ ജീവനക്കാരിൽ ഉൾപ്പെട്ടിരുന്നത്.