സലാലയിലെ ന്യൂ സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു
സലാലയിലെ ന്യൂ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ (എസ്.ക്യു.എച്ച്) പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 60.5 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. ഘടനാപരമായ ജോലികൾ 98 ശതമാനവും കഴിഞ്ഞിട്ടുണ്ട്. 138 ദശലക്ഷം റിയാൽ ചെലവിൽ ഒരുങ്ങുന്ന പദ്ധതി 2025ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഴ് നിലകളിലായി 100,000 ചതുരശ്ര മീറ്ററിലാണ് ആശുപത്രിയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്. ഏകദേശം 700 കിടക്കകളും ഉണ്ടാകും. ആശുപത്രിയിൽ വിവിധ മെഡിക്കൽ സ്പെഷാലിറ്റികളും ഒരുക്കും.
32 വകുപ്പുകളായിരിക്കും താഴത്തെ നിലയിൽ സജ്ജീകരിക്കുക. ഇൻപേഷ്യന്റ് വിഭാഗത്തിൽ നാല് ശസ്ത്രക്രിയാ വാർഡുകൾ, നാല് ഇന്റേണൽ ഡിസീസ് വാർഡുകൾ, നാല് കുട്ടികളുടെ വാർഡുകൾ, മുതിർന്നവർക്കുള്ള തീവ്രപരിചരണ വിഭാഗത്തിൽ 31 കിടക്കകൾ, ഇന്റർമീഡിയറ്റ് തീവ്രപരിചരണ വിഭാഗത്തിൽ 16 കിടക്കകൾ, ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിൽ 15 കിടക്കകൾ, നവജാത ശിശുക്കൾക്കും മാസം തികയാത്ത കുഞ്ഞുങ്ങൾക്കുമായി തീവ്രപരിചരണ വിഭാഗത്തിൽ 38 കിടക്കകൾ എന്നിവയുമുണ്ടാകും.
പൊള്ളലേറ്റ വിഭാഗത്തിൽ 12 കിടക്കകൾ, പ്രസവ വാർഡുകളിൽ 25 കിടക്കകൾ, അപകടം, എമർജൻസി, പുനർ-ഉത്തേജന യൂനിറ്റിൽ 10 കിടക്കകൾ, ഡേകെയർ യൂനിറ്റ്, ഡയാലിസിസ് യൂനിറ്റ് എന്നിവയിൽ 32 വീതം കിടക്കകളും ഒരുക്കും.
ദോഫാർ ഗവർണറേറ്റിലെ ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ന്യൂ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ ഒരുങ്ങുന്നത്. നിലവിൽ ഏഴ് ആശുപത്രികളും 36 ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടെ 44 ആരോഗ്യ സ്ഥാപനങ്ങൾ ഈ പ്രദേശത്തുണ്ട്, ഇത് സ്വദേശികൾക്കും താമസക്കാർക്ക് ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷയും നൽകുന്നുണ്ട്.