27ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കമാകും
ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നും ആയിരക്കണക്കിന് പുസ്തകങ്ങൾ ഉത്സവ നഗരിയിൽ എത്തിക്കഴിഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലാണ് പുസ്തകോത്സവം നടക്കുക. മുൻ വർഷത്തേക്കാൾ 20 ശതമാനം കൂടുതൽ പ്രസാധകരാണ് ഈ വർഷം പുസ്തകോത്സവത്തിൽ എത്തുന്നത്. വിൽപനക്കെത്തുന്ന പുസ്തകങ്ങളുടെ എണ്ണത്തിലും വൻ വർധനവാണുള്ളത്.
ഈ വർഷവും മലയാള പുസ്തകവുമായി അൽ ബാജ് ബുക്‌സ് എത്തുന്നുണ്ട്. രണ്ട് സ്റ്റാളുകളാണ് അൽ ബാജിന് ലഭിച്ചിരിക്കുന്നത്. മലയാളം പുസ്തകങ്ങൾ വിൽക്കുന്ന മേളയിലെ ഏക സ്റ്റാളും അൽബാജിൻറേതാണ്. ഈ വർഷം എല്ലാ വിഭാഗം പുസ്തകങ്ങൾക്കും കുടുതൽ ആവശ്യക്കാരുണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് അൽ ബാജ് ബുക്‌സ് മാനേജിങ് ഡയറക്ടർ ഷൗക്കത്തലി പറഞ്ഞു. കഴിഞ്ഞ വർഷം എല്ലാ സ്റ്റാളുകളിലെയും പുസ്തകങ്ങൾ പെട്ടെന്ന് വിറ്റഴിഞ്ഞിരന്നു. അതിനാൽ ഈ വർഷം കൂടുതൽ സ്റ്റോക്ക് എത്തിച്ചതായി അദ്ദേഹം പറഞ്ഞു. രാജേഷ് ബി.സിയുടെ 'നദി മുങ്ങിമരിച്ച നഗരം', സന്ധ്യ എൻ.പിയുടെ 'ചേതി', ഷെമിയുടെ 'കള്ളപ്പാട്ട', ജിസ ജോസിൻറെ 'മുക്തിബാഹിനി' തുടങ്ങിയ പുസ്തകങ്ങൾക്ക് ആവശ്യക്കാർ വർധിക്കും.
അതിനാൽ ഇത്തരം പുസ്തകങ്ങളുടെ കൂടുതൽ സ്റ്റോക്കുകൾ എത്തിയിട്ടുണ്ട്. കുട്ടികളുടെ പുസ്തകങ്ങൾക്കും നല്ല ഡിമാൻറ് പ്രതീക്ഷിക്കുന്നു. ബഷീർ, എം.ടി, തകഴി തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങളും വിറ്റഴിക്കപ്പെടും. 'ആടുജീവിതം' സിനിമയായി ഇറങ്ങുന്ന സാഹചര്യത്തിൽ ഇതിനും ആവശ്യക്കാരുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം 32 രാഷ്ട്രങ്ങളിൽനിന്നുള്ള 826 പ്രസാധകർ മേളയിൽ പങ്കെടുക്കുന്നത്. 1194 പവലിയനുകളിലായി 5900 ആധുനിക പ്രസിദ്ധീകരണങ്ങളും 204,411 വിദേശ പുസ്തകങ്ങളും 260,614 അറബിക് പുസ്തകങ്ങളും അവതരിപ്പിക്കും. തെക്കൻ ബാത്തിന ഗവർണറേറ്റ് ആയിരിക്കും ഈ വർഷത്തെ വിശിഷ്ടാതിഥി. നിരവധി സാംസ്‌കാരിക പരിപാടികളും നടക്കും. പുസ്തകമേളയെ കൂടുതൽ ജനകീയമാക്കുന്നതിൻറെ ഭാഗമായി സോഷ്യൽ മീഡിയ ഇൻഫ്‌ലുൻസർമാരെയും ഇപ്രാവശ്യം പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്.