ഒമാനിലെ ഇന്ത്യൻ സ്കൂളിൽ പാഠപുസ്തക വിതകരണം പൂർത്തിയായില്ല ; പാഠഭാഗങ്ങൾ ഇപ്പോഴും ഫോട്ടോസ്റ്റാറ്റിൽ
പുതിയ അധ്യയന വർഷം തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പാഠപുസ്തക വിതരണം പൂർത്തിയായില്ല. പുസ്തക വിതരണം ഏറ്റെടുത്ത ഏജൻസി 75 ശതമാനം മാത്രമാണ് എത്തിച്ചത്. ഏപ്രിൽ അവസാനത്തോടെ എല്ലാ സ്കൂളുകളിലും പുസ്തകം എത്തിക്കുമെന്നായിരുന്നു സ്കൂൾ ബോർഡുമായി ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്. എന്നാൽ, വേനലവധിയാവാറായിട്ടും സ്കൂളുകളിൽ പുസ്തകമെത്താത്തത് രക്ഷിതാക്കളെയും വിദ്യാർഥികളെയും പ്രയാസത്തിലാക്കുന്നുണ്ട്.
ഏജൻസി 75 ശതമാനം പൂർത്തിയാക്കി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പല സ്കൂളുകളിലും 50 ശതമാനംപോലും പുസ്തകം എത്തിയിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. യഥാസമയം പുസ്തകങ്ങൾ ലഭിക്കാത്തതിനാൽ സ്കൂളുകൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വന്നിട്ടുള്ളത്. പഠനഭാഗങ്ങൾ ഫോട്ടോകോപ്പിയെടുത്ത ഇനത്തിലാണ് ഇത്രയും തുക ചെലവായത്. മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങൾ മാറിയതിനാൽ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിപ്പിക്കാനും സാധിക്കുന്നില്ലെന്നും വിവിധ സ്കൂളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ടെൻഡർ എടുത്ത മസ്കത്തിലെ ഏജൻസിയുടെ അനാസ്ഥയാണ് പുസ്തക വിതരണത്തിലെ കാലതാമസത്തിന് കാരണമെന്ന് വിവിധ ഇന്ത്യൻ സ്കൂളുകളുമായി ബന്ധപ്പെട്ടവർ നേരത്തേ തന്നെ പറഞ്ഞിരുന്നു. ഒരു വർഷം മുമ്പാണ് പുസ്തക വിതരണത്തിന് കേന്ദ്രീകൃത സംവിധാനം ഇന്ത്യൻ സ്കൂൾ ബോർഡ് സ്വീകരിക്കുന്നത്. മൂന്ന് പ്രമോട്ടർ സ്കൂൾ ഒഴിക്കെ 18 ഇന്ത്യൻ സ്കൂളിലേക്കും പുസ്തകം വിതരണം എളുപ്പത്തിലാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, തുടക്കത്തിൽ തന്നെ ഇക്കാര്യത്തിൽ കല്ലുകടി നേരിട്ടു. കഴിഞ്ഞ വർഷവും പുസ്തക വിതരണം മോശമായിരുന്നു. ഇക്കാര്യം പുസ്തക വിതരണത്തെക്കുറിച്ച് അഭിപ്രായം തേടിയപ്പോൾ ബോർഡിനെ സ്കൂൾ അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. ഇത്തരം അനാസ്ഥ നിലനിൽക്കെയാണ് വീണ്ടും ഈ കമ്പനിയെതന്നെ വിതരണം ഏൽപിക്കുന്നത്. സ്കൂളുകൾ നേരിട്ട് വാങ്ങിയ സമയത്ത് മാർച്ചോടെതന്നെ പുസ്തകം ലഭിച്ചിരുന്നു.
പുസ്തക വിതരണത്തിൽ മുൻപരിചയമില്ലാത്ത കമ്പനിയെ ഏൽപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു. ടെൻഡർ വിളിച്ചതിനുശേഷം, പുസ്തകങ്ങളുടെ പ്രിന്റ് വിലയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്കൂളിന് നൽകുന്ന കമ്പനിക്കാണ് വിതരണത്തിനുള്ള അവകാശം നൽകുന്നത്. എന്നാൽ, മസ്കത്തിൽനിന്ന് ഈ കമ്പനി മാത്രമാണ് ടെൻഡറിലുണ്ടാകാറുള്ളത്. ഇവിടെ പുസ്തകം എത്തിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയിൽനിന്നുള്ള കമ്പനികൾ പങ്കെടുക്കാതിരുന്നത്.