അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ആശംസകൾ നേർന്ന് ഒമാൻ സുൽത്താൻ
അമേരിക്കയുടെ 47-മത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡോണാൾഡ് ട്രംപിന് സുൽത്താൻ ഹൈതം ബിൻ താരിഖ് അഭിനന്ദനം അറിയിച്ചു. നേതൃസ്ഥാനത്ത് വിജയിക്കാനും എല്ലാ തലങ്ങളിലും കൂടുതൽ നേട്ടങ്ങളും പുരോഗതിയും കൈവരിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ബന്ധം തുടർന്നും വളരട്ടെയെന്ന് ആശംസ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബർ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് 78കാരനായ ട്രംപ് രണ്ടാമൂഴം നേടിയത്. കടുത്ത തണുപ്പിനെ അവഗണിച്ചും ആയിരക്കണക്കിന് ട്രംപ് ആരാധകർ മണിക്കൂറുകൾക്കു മുമ്പുതന്നെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.
സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി സെന്റ് ജോൺസ് ചർച്ചിൽ നടന്ന പ്രാർഥനയിൽ ട്രംപ് കുടുംബസമേതം പങ്കെടുത്തു. അമേരിക്കയുടെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് വിഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ ശോഭനമായ ദിനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.