അനധികൃത തൊഴിലാളികളെ കണ്ടെത്താൻ ഒമാനിൽ കർശന പരിശോധന
അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായി തുടരുന്നു. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്റെ ഇൻസ്പെക്ഷൻ യൂനിറ്റിന്റെ പിന്തുണയോടെയാണ് പരിശോധന ക്യാമ്പയിനുകൾ നടത്തുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ 9,042 പേരാണ് അറസ്റ്റിലായത്. 7,612 പേരെ നാടുകടത്തുകയും ചെയ്തു.
അതേസസമയം, ജൂണിൽ മാത്രം 919 പ്രവാസികളെ നാടുകടത്തി. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മസ്കത്തിലെ ജോയിൻറ് ഇൻസ്പെക്ഷൻ ടീം ഓഫിസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്റെ ഇൻസ്പെക്ഷൻ യൂനിറ്റിന്റെ പിന്തുണയോടെ നടത്തിയ പരിശോധന ക്യാമ്പയിനിലാണ് ഇത്രയും പേരെ നാടുകടത്തുത്തിയത്. ഇതിൽ സ്ത്രീകളും ഉൾപ്പെടും. 1,366 പേരെ അറസ്റ്റ് ചെയ്തു.
ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവർണറേറ്റുകളിലും മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരും. അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമലംഘന പരിശോധന ശക്തമാക്കിയത്. പ്രവാസികൾ ഏറെ തിങ്ങിപ്പാർക്കുന്ന മസ്കത്ത്, ദോഫാർ, വടക്ക്-തെക്ക് ബാത്തിന എന്നീ നാലു ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തുന്നത്.
എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ശക്തമായ പരിശോധനയാണ് നടത്തുന്നത്. താമസരേഖകൾ ശരിയല്ലാത്തവരും വിസ, ലേബർ കാർഡ് എന്നിവ കാലാവധി കഴിഞ്ഞവരും പിടിയിലാവും. സ്വദേശികൾക്കായി നീക്കിവെച്ച തസ്തികകളിൽ ജോലി ചെയ്യുന്നവരും പുതുക്കാത്തവരും വലയിൽ കുടുങ്ങും. നിയമവിരുദ്ധ തൊഴിലാളികളെ തൊഴിൽ വിപണിയിൽ നിന്ന് ഒഴിവാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് ആരോഗ്യകരമായ നിക്ഷേപ അന്തരീക്ഷം ഒരുക്കുകയാണ് പുതിയ കരാറുകളുടെ പ്രധാന ലക്ഷ്യം. ഇത് ചെറുകിട ഇടത്തരം സംരംഭകർക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. കൂടാതെ, പുതിയ നടപടിക്രമങ്ങൾ മെച്ചപ്പെട്ട അവസരം തേടുന്നവർക്ക് അവരുടെ സാഹചര്യം ശരിയാക്കാനും നിയമപരമായ തൊഴിൽ നിലയുമായി മുന്നോട്ട് പോകാനും സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.