ട്രക്ക് യാർഡുകൾ വരുന്നു; ഒമാനിൽ ട്രക്ക് പാർക്കിങ്ങിന് ഇനി പ്രത്യേകം ഇടങ്ങൾ
ഒമാനിൽ ട്രക്ക് പാർക്കിങ്ങിന് ഇനി പ്രത്യേകം ഇടങ്ങൾ. വിവിധ ഗവർണറേറ്റുകളിൽ ട്രക്ക് പാർക്കിങ് യാർഡുകൾ നിർമിക്കുന്നതിന് ഗതാഗത മന്ത്രാലയം ടെൻഡർ നടപടികൾ ആരംഭിച്ചു. യാർഡുകളുടെ വികസനവും നടത്തിപ്പും ലക്ഷ്യമിട്ടാണ് ടെൻഡർ. പ്രാദേശിക കമ്പനികൾക്കും നിക്ഷേപകർക്കും ടെൻഡർ സമർപ്പിക്കാം.
കരഗതാഗത സൗകര്യങ്ങൾ വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായാണ് ട്രക്ക് യാർഡുകൾ നിർമിക്കുന്നത്. പാർപ്പിട കേന്ദ്രങ്ങളിൽ ട്രക്ക് പാർക്ക് ചെയ്യുന്നത് മൂലമുണ്ടാകുന്ന പ്രയാസങ്ങൾ ഇല്ലാതാക്കുകയും ലക്ഷ്യമാണ്. പാർക്കിങ് യാർഡുകൾ യാഥാർഥ്യമായാൽ പാർപ്പിട, വാണിജ്യ കേന്ദ്രങ്ങളിൽ ട്രക്കുകൾ നിർത്തിയിടാൻ അനുവദിക്കില്ല.
ഈ പദ്ധതിക്ക് വേണ്ടി ഏഴ് പ്ലോട്ടുകളാണ് ഗതാഗത മന്ത്രാലയം നൽകിയത്. മുസന്ന വിലായതിലെ മുലദ്ധ, ബഹ്ല വിലായതിലെ ഖമൈല, ഇബ്ര വിലായതിലെ ഹൈമ, സീബ് വിലായതിലെ മവേല, ബൗശർ വിലായതിലെ മിസ്ഫ, മഹ്ദ വിലായതിലെ അൽ നവ, സഹം വിലായതിലെ അൽ ഖശ്ദ എന്നിവിടങ്ങളിലാണ് യാർഡുകൾക്ക് സ്ഥലം അനുവദിച്ചത്.