ഏഷ്യൻ കപ്പ് ഫുട്‌ബോളിനായി സൗദി ടീം ഖത്തറിലെത്തി
ഏഷ്യൻ കപ്പ് ഫുട്‌ബോളിനായി സൗദി ടീം ഖത്തറിലെത്തി. കോച്ച് മാന്‍സീനിയുടെ സംഘത്തില്‍ ലോകകപ്പ് ടീമിലെ മിക്ക താരങ്ങളുമുണ്ട്. ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഫുട്ബോള്‍ ലോകത്തിന്റെ മുന്‍നിരയിലേക്ക് ഡ്രിബിള്‍ ചെയ്ത് കയറിയവരാണ് സൗദി അറേബ്യക്കാര്‍.
അന്നത്തെ ആരവം ലോകഫുട്ബോളിന്റെ പുതിയ കളിത്തട്ടായി സൗദിയെ മാറ്റി. റൊണാള്‍ഡോയും ബെന്‍സേമയും സാദിയോ മാനേയുമടക്കം ലോകോത്തര താരങ്ങള്‍ക്കൊപ്പം പയറ്റിത്തെളിഞ്ഞ കളിക്കാരുമായാണ് സൗദി ഏഷ്യാ കപ്പിനെത്തുന്നത്. ഒരുവര്‍ഷം കൊണ്ട് സൗദി താരങ്ങള്‍ക്ക് കിട്ടിയ മത്സര പരിചയം ചെറുതല്ല, അതിനാല്‍ തന്നെ ടീമില്‍ ആരാധകര്‍ക്കും വലിയ പ്രതീക്ഷയുണ്ട്.
കിരീടം ലക്ഷ്യമിട്ടെത്തുന്ന ഗ്രീന്‍ ഫാല്‍ക്കണ്‍സിന്റെ ബെയ്സ് ക്യാമ്പ് സീലൈന്‍ റിസോര്‍ട്ടാണ് . ടൂര്‍ണമെന്റിന് മുമ്പായി മൂന്ന് സന്നാഹ മത്സരങ്ങളും സൗദി, ഖത്തറില്‍ കളിക്കും. ജനുവരി 4ന് ലബനന് എതിരെയും 9 ന് ഫലസ്തീന് എതിരെയും 10ന് ഹോങ്കോങ്ങിന് എതിരെയുമാണ് മത്സരം. ഗ്രൂപ്പ് എഫില്‍ തായ്‌ലാൻഡ്, കിര്‍ഗിസ്താന്‍, ഒമാന്‍ ടീമുകളാണ് സൗദിക്കൊപ്പമുള്ളത്.