ഒമാനിലെ വിവിധ വിലായത്തുകളിൽ മഴ പെയ്തു; രാജ്യത്തെ താപനിലയിൽ ഗണ്യമായ കുറവ്
അസ്ഥിരകാലാവസ്ഥയുടെ ഭാഗമായി ഒമാൻ്റെ വടക്കൻ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ മഴ ലഭിച്ചു. പലയിടത്തും കാറ്റിന്റെ അകമ്പടിയോടെയായിരുന്നു മഴ പെയ്തത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുവൈഖ്, റുസ്താഖ്, ബൗഷർ എന്നീ വിലായത്തുകളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. മഴ കിട്ടിയ പ്രദേശങ്ങളിലെല്ലാം രാവിലെ മുതൽക്കെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു .
അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ പ്രകടമായ മാറ്റം വരുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈക്കിലാണ്. 3.1ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താപനിലയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കുകൾ പറയുന്നു.
മറ്റു പ്രദേശങ്ങളിലും താപനിലയിൽ കുറവുണ്ടായി. യാങ്കുൾ 10.9 ഡിഗ്രി സെൽഷസ്, മഹ്ധ 12.1, ഹൈമ 12.3, അൽ-മസ്യൂനയിൽ 12.7, തുംറൈത്ത് 12.9, മുഖ്ഷിൻ, അൽ ഖാബിൽ എന്നിവിടങ്ങളിൽ 13.3 ഡിഗ്രി സെൽഷസുമാണ് രേഖപ്പെടുത്തിയത്.