ഒമാനിലെ ഹൈമ - തുംറൈത്ത് റോഡിൽ കുഴി ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഹൈമ-തുംറൈത്ത് റോഡിൽ കുഴി രൂപപ്പെട്ടതിനാൽ ഇതുവഴിയുള്ള വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഖത്ബിത്ത് റെസ്റ്റ് സ്റ്റോപ്പിനു ശേഷം ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്ന ഭാഗത്താണ് റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നതെന്ന് റോയൽ ഒമാൻ പൊലീസ് വിഡിയോയിലൂടെ പങ്കുവെച്ചു.
ഈ ഭാഗങ്ങളിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായി അധികാരികൾ മാർഗനിർദേശ ചട്ടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും പുനഃസ്ഥാപിക്കുന്നതിനുള്ള അറ്റകുറ്റപ്പണികളും വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തിക്കൊണ്ടിരിക്കുകയാണ്. അപകടസാധ്യതകൾ ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
പ്രദേശത്തെ റോഡില്‍ രൂപപ്പെട്ട കുഴിയെ സംബന്ധിച്ച് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും സുരക്ഷ മുന്നറിയിപ്പ് നല്കി. കുഴിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.