നുഴഞ്ഞു കയറ്റം ; നടപടികൾ ശക്തമാക്കി റോയൽ ഒമാൻ പൊലീസ്
ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി റോയൽ ഒമാൻ പൊലീസ്. ഈ വർഷം മേയ്, ജൂൺ മാസങ്ങളിൽ ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 58 പേർ പിടിയിലായതായി ആർ.ഒ.പി കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക നേട്ടത്തിനായി ആളുകളെ കടത്തിയതിന് ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് ജൂൺ 13ന് രണ്ട് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയുണ്ടായി. അനധികൃതമായി ഒമാനിൽ കടക്കാൻ ശ്രമിച്ച 13 ഏഷ്യൻ പൗരന്മാരെ വടക്കൻ ബാത്തിന കോസ്റ്റ് ഗാർഡ് പൊലീസും പിടികൂടി.
ജൂൺ നാലിന്, 12 ഏഷ്യൻ നുഴഞ്ഞുകയറ്റക്കാരുമായി ഒരുബോട്ട് വടക്കൻ ബാത്തിനയിൽനിന്ന് കോസ്റ്റ് ഗാർഡും പിടിച്ചെടുത്തു. 18 ഏഷ്യൻ പൗരന്മാരുമായി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച ബോട്ട് മേയ് 28ന് വടക്കൻ ബാത്തിനാ തീരത്തുനിന്ന് പിടികൂടുകയുണ്ടായി. 22ന് 13,300 നിരോധിത സിഗരറ്റുകൾ കടത്താൻ ശ്രമിച്ച മൂന്ന് അറബ് പൗരന്മാരുമായി ഒരു ബോട്ട് ദോഫാർ കോസ്റ്റ് ഗാർഡ് പൊലീസും പിടിച്ചെടുത്തു.
മേയ് 15 ന്, 38,000 ചാക്ക് ച്യൂയിംഗം രൂപത്തിലുള്ള പുകയില കടത്താൻ ശ്രമിച്ച നാല് അറബ് പൗരന്മാരെ ദോഫാർ കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടി. വലിയ അളവിൽ ലഹരി പാനീയങ്ങൾ കടത്തിയതിന് മുസന്ദം കോസ്റ്റ് ഗാർഡ് ആറ് ഏഷ്യൻ പൗരന്മാരെ മേയ് മാസം അറസ്റ്റ് ചെയ്തു. അനധികൃതമായി നുഴഞ്ഞുകയറി ജോലിയിൽ പ്രവേശിക്കുന്നതും മറ്റും വലിയ അപകട സാധ്യതകളുണ്ടാക്കുന്നുണ്ടെന്ന് ആർ.ഒ.പിയിലെ ഡയറക്ടർ ജനറൽ ഓഫ് ഓപ്പറേഷൻസ് ബ്രിഗേഡിയർ മുഹമ്മദ് ബിൻ നാസർ അൽ കിന്ദി ചുണ്ടിക്കാണിക്കുകയുണ്ടായി. ഇത്തരം ആളുകൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടും. കുറ്റവാളികളെ തിരിച്ചറിയുന്നതിൽ അധികാരികൾക്ക് സുരക്ഷാ വെല്ലുവിളികളും ഉയർത്തും. മാത്രമല്ല, അവരുടെ സാന്നിധ്യം ആരോഗ്യ സേവനങ്ങളെ തടസ്സപ്പെടുത്തുകയും പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്ത്, ഭിക്ഷാടനം തുടങ്ങിയ പ്രശ്നങ്ങളും നുഴഞ്ഞുകയറ്റക്കാരാൽ ഉണ്ടാകുന്നുണ്ട്. നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട ആഘാതങ്ങളും അപകടസാധ്യതകളും ലഘൂകരിക്കാനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ പൗരന്മാർക്കും സമൂഹത്തിനും നിർണായക പങ്കുണ്ട്. നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളും നിയമങ്ങളും സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. മാധ്യമ പ്രചാരണങ്ങളിലൂടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും ബോധവത്കരണവും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.