ഒമാനിൽ ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി സെൻട്രൽ ബാങ്ക്
രാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ഏതാനം കറൻസി നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായും, 2024 ജനുവരി മുതൽ പരമാവധി 360 ദിവസങ്ങൾക്കുള്ളിൽ ഇവ പ്രചാരത്തിൽ നിന്ന് പിൻവലിക്കുമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്.
#البنك_المركزي_العماني يعلن عن إنهاء استعمال فئات من العملة الوطنية وسحبها من التداول خلال مدة أقصاها 360 يومًا إبتداءً من يناير 2024م. وسوف تكون هذه الفئات ذات قيمة قانونية خلال هذه الفترة | pic.twitter.com/hzcyFdRJ1h
— البنك المركزي العماني (@CentralBank_OM) January 7, 2024
താഴെ പറയുന്ന ബാങ്ക്‌നോട്ടുകളാണ് ഇത്തരത്തിൽ നിരോധിച്ചിരിക്കുന്നത്:
1995 നവംബറിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ 1 റിയാൽ, 500 ബൈസ, 200 ബൈസ, 100 ബൈസ നോട്ടുകൾ.
2000 നവംബറിൽ പുറത്തിറക്കിയ 50 റിയാൽ, 20 റിയാൽ, 10 റിയാൽ, 5 റിയാൽ നോട്ടുകൾ.
2005-ൽ പുറത്തിറക്കിയ 1 റിയാൽ സ്മാരക ബാങ്ക്‌നോട്ട്.
2010-ൽ പുറത്തിറക്കിയ 20 റിയാൽ സ്മാരക ബാങ്ക്‌നോട്ട്.
2011, 2012 വർഷങ്ങളിൽ പുറത്തിറക്കിയ 50 റിയാൽ, 10 റിയാൽ, 5 റിയാൽ നോട്ടുകൾ.
2015-ൽ പുറത്തിറക്കിയ 1 റിയാൽ സ്മാരക ബാങ്ക്‌നോട്ട്.
2019-ൽ പുറത്തിറക്കിയ 50 റിയാൽ ബാങ്ക്‌നോട്ട്.
എന്നാൽ ഈ 360 ദിവസം അവസാനിക്കുന്നത് വരെയുള്ള കാലയളവിൽ (2024 ഡിസംബർ 31 വരെ) ഒമാനിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ചില്ലറവ്യാപാരശാലകൾ തുടങ്ങിയവർ ഈ നോട്ടുകൾ പൊതുജനങ്ങളിൽ നിന്ന്, അവ പണമിടപാടുകൾക്കായി നൽകുന്ന അവസരത്തിൽ സ്വീകരിക്കണമെന്നും, മാറ്റിനൽകണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇവ മാറ്റിയെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള ഈ പരമാവധി കാലാവധി അവസാനിക്കുന്നതോടെ ഇത്തരം നോട്ടുകൾക്ക് പണമിടപാടുകൾ നടത്തുന്നതിനുള്ള നിയമപരമായ മൂല്യം ഉണ്ടാകില്ലെന്നും സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു.