‘ഒമാൻ വിസ്ത എക്സിബിഷൻ'; മൂന്നാം പതിപ്പിന് തുടക്കം
‘ഒമാൻ വിസ്ത എക്സിബിഷന്റെ’ മൂന്നാം പതിപ്പിന് വാട്ടർഫ്രണ്ട് മാളിലെ ആർട്ട് ആൻഡ് സോൾ ഗാലറിയിൽ തുടക്കമായി. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന എക്സിബിഷൻ നവംബർ 30ന് സമാപിക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 27 കലാകാരൻമാരുടെ 40ലധികം കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.
ഒമാന്റെ 53മത് ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിൽ അബ്ദുൽറൗഫ് വുഡ് വിശിഷ്ടാതിഥിയായി. പ്രദർശനത്തിലൂടെ ഒമാനി സർഗാത്മകതയുടെ ആഴവും വൈവിധ്യവും അനുഭവിക്കാൻ കലാപ്രേമികൾക്കും സാംസ്കാരിക ആസ്വാദകർക്കും കഴിയുമെന്ന് സംഘാടകർ അറിയിച്ചു.
ഒമാന്റെ കലാപരമായ വൈഭവം ആഘോഷിക്കുക മാത്രമല്ല, രാജ്യത്തിന്റെ സർഗാത്മക ചൈതന്യത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന സാംസ്കാരിക വിനിമയത്തിനുള്ള ഒരു വേദിയായുമാണ് പരിപാടിയെ കാണുന്നത്.