ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നു; 2027 ഓടെ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി ഒഴിവാക്കും
രാജ്യത്ത് 2027 ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ട് അധികൃതർ. നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്.
114/2001, 106/2020 എന്നീ രാജകീയ ഉത്തരവുകൾ പ്രകാരം പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിന്റെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട 2020/23 മന്ത്രിതല തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ പരിസ്ഥിതി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചത്.
50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ ഉപയോഗിക്കാൻ പാടിലെന്ന് ഉത്തരവിൽ പറയുന്നു. ഓരോ വിഭാഗത്തിലും പ്ലാസ്റ്റിക്ക് സഞ്ചികളുടെ ഉപയോഗം വിവിധ ഘട്ടങ്ങളിലൂടെയാണ് നിരോധിക്കുക. ഇതിനുശേഷം ഉപയോഗിക്കുകയാണെങ്കിൽ പിഴ ചുമത്തും.
50 മുതൽ 1,000 റിയാലിൽ കൂടാത്തതുമായ അഡ്മിനിസ്ട്രേറ്റീവ് പിഴയായിരിക്കും ചുമത്തുക. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറക്കാനുള്ള സമയപരിധി താഴെ കൊടുക്കുന്നു...
ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ: 2024 ജൂലൈ ഒന്ന്
തുണിത്തരങ്ങൾ, ടെക്സ്റ്റൈൽസ് വസ്ത്രങ്ങൾ, ഇവയുടെ മറ്റ് സ്റ്റോറുകൾ, തയ്യൽ കടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ വിൽപന, ഇവയുടെ അറ്റകുറ്റപണിക്കുള്ള സ്റ്റോറുകൾ, വാച്ചുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്റ്റോറുകൾ:
2025ജനുവരി ഒന്ന് ഭക്ഷണശാലകൾ, പച്ചക്കറികൾ, പഴങ്ങൾ, പാക്കേജിങ് എന്നിവ വിൽക്കുന്ന സ്റ്റോറുകൾ, സമ്മാന കടകൾ. ബ്രെഡ്, പേസ്ട്രികൾ, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന ബേക്കറികൾ കടകൾ, മിഠായി ഫാക്ടറികൾ, കടകൾ
2025 ജൂലൈ ഒന്ന് കെട്ടിട നിർമ്മാണ സാമഗ്രികളുടെ സ്റ്റോറുകൾ, പാത്ര കടകൾ, തീറ്റ, ധാന്യങ്ങൾ, കാർഷിക വസ്തുക്കൾ, കീടനാശിനികൾ എന്നിവയുടെ വിൽപനയുള്ള സ്ഥാപനങ്ങൾ, ഐസ്ക്രീം, ചോളം, മധുരപലഹാരങ്ങൾ, പരിപ്പ് എന്നിവയുടെ വിൽപന, ജ്യൂസുകളുടെ വിൽപന, മിഷ്കാക്കിന്റെ വിൽപന, മില്ലുകൾ, തേൻ, ഈത്തപ്പഴം വിൽപന, വാട്ടർ ഫിൽട്ടറുകൾ വിൽക്കുന്നതും നന്നാക്കുന്നതും, വാട്ടർ പമ്പുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, കാർ പമ്പുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, ആധുനിക ജലസേചന സംവിധാനങ്ങൾ വിൽക്കുന്ന സ്റ്റോറുകൾ. പക്ഷികൾ, മത്സ്യം, വളർത്തുമൃഗങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, അനുബന്ധ ഭക്ഷണങ്ങൾ, നഴ്സറികളും കാർഷിക സാധനങ്ങളുടെ വിൽപ്പനയും
2026 ജനുവരി ഒന്ന് ഫർണിച്ചറുകൾ, പുതപ്പുകൾ മുതലായ സ്റ്റോറുകൾ, കഠാര, സ്വർണം, വെള്ളി പാത്രങ്ങൾ എന്നിവയുടെ കടകൾ, കാർ കെയർ സെന്ററുകൾ, കാർ ഏജൻസികൾ
2026 ജൂലൈ ഒന്ന് ഇലക്ട്രോണിക്സ് കടകൾ, സാനിറ്ററി, ഇലക്ട്രിക്കൽ വസ്തുക്കൾ, വാഹന അറ്റകുറ്റപ്പണി കടകൾ, മത്സ്യബന്ധന ബോട്ട് റിപ്പയർ വർക്ക് ഷോപ്പുകൾ, വാഹന സ്പെയർ പാർട്സ് വിൽക്കുന്ന കടകൾ, മത്സ്യബന്ധന ഉപകരണങ്ങളുടെ സ്പെയർ പാർട്സ് വിൽക്കുന്ന കടകൾ, വാഹന ഇലക്ട്രീഷ്യൻ, വാഹനങ്ങളുടെ ഓയൽ മാറ്റൽ ബ്രേക്ക് നന്നാക്കൽ, ടയർ വിൽപ്പനയും നന്നാക്കലും, ഇലക്ട്രിക്കൽ ഉപകരണങ്ങളും ടെലിവിഷൻ പ്രക്ഷേപണ ഉപകരണങ്ങളും വിൽക്കുന്നതും നന്നാക്കുന്നതും, കമ്പ്യൂട്ടറുകൾ വിൽക്കുന്നതും നന്നാക്കുന്നതും പരിപാലിക്കുന്നതും, സ്റ്റേഷനറി സാധനങ്ങളും ഓഫിസ് സാധനങ്ങളും വിൽക്കുന്ന കടകൾ, പ്രിന്റിങ് പ്രസ്സുകൾ
2027 ജനുവരി ഒന്ന് പ്ലാസ്റ്റിക്ക് സഞ്ചികൾ ഉപയോഗിക്കുന്ന മറ്റെല്ലാ പ്രവർത്തനങ്ങളും: 2027 ജൂലൈ ഒന്ന്.