പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി ഒമാൻ
സെപ്റ്റംബർ ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് ഒമാൻ നിരോധനം ഏർപ്പെടുത്തി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒമാൻ കസ്റ്റംസുമായി സഹകരിച്ചാണ് നിരോധനം നടപ്പാക്കുക.
പ്ലാസ്റ്റിക് ബാഗുകളുടെ വിപണി നിയന്ത്രിക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് പുതിയ പ്രഖ്യാപനത്തിലൂടെ (നമ്പർ 6/2024) ഉയർത്തിക്കാട്ടുന്നത്. പാരിസ്ഥിതിക ആഘാതം പരിഹരിക്കുന്നതിനും സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിരോധനം ലക്ഷ്യമിടുന്നത്.മന്ത്രിതല തീരുമാനം നമ്പർ 519/2022 പ്രകാരം കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഈ തീരുമാനത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 1,000 റിയാലിന്റെ അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തും. ആവർത്തിച്ചാൽ അത് ഇരട്ടിയാക്കുമെന്നും തീരുമാനത്തിന്റെ ആർട്ടിക്കിൾ രണ്ടിൽ പറയുന്നു.
അതേസമയം, രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള ഊർജിതമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികളുടെ ആദ്യഘട്ട നിരോധനത്തിന് ആരോഗ്യ സ്ഥാപനങ്ങളിൽ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലാണ് പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളത്.
നിയമം ലംഘിച്ചാൽ 50 മുതൽ 1000 റിയാൽവരെ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്.114/2001, 106/2020 എന്നീ രാജകീയ ഉത്തരവുകൾ പ്രകാരം പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിന്റെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട 2020/23 മന്ത്രിതല തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ പരിസ്ഥിതി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചിട്ടുള്ളത്.50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.
ഓരോ വിഭാഗത്തിലും പ്ലാസ്റ്റിക്ക് സഞ്ചികളുടെ ഉപയോഗം വിവിധ ഘട്ടങ്ങളിലൂടെയാണ് നിരോധിക്കുക. ഇതിനുശേഷം ഇവ ഉപയോഗിക്കുകയാണെങ്കിൽ പിഴ ചുമത്തും. തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി വരും ദിവസങ്ങളിൽ അധികൃതർ പരിശോധന നടത്തുകയും ചെയ്യും.