ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ ഒമാനും യുഎഇയും
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ സഖർ ഗോബാഷ് കൂടിക്കാഴ്ച നടത്തി. ഒമാനും യു.എ.ഇയും തമ്മിലുള്ള സാഹോദര്യപരവും ചരിത്രപരവുമായ ബന്ധത്തിന്റെ ആഴം സയ്യിദ് ബദർ അടിവരയിട്ട് പറഞ്ഞു.വിവിധ മേഖലകളിലെ സഹകരണത്തെയും സംയുക്ത ഏകോപനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബന്ധങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള വഴികൾ ഇരുപക്ഷവും അവലോകനം ചെയ്തു.
സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനും നിയമനിർമ്മാണ വൈദഗ്ധ്യം കൈമാറേണ്ടതിന്റെ പ്രാധാന്യവും അടിവരയിട്ടു. പൊതു താൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ അവർ കാഴ്ചപ്പാടുകൾ കൈമാറി. മേഖല,അന്തർദേശീയ സമാധാന ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഒമാന്റെ പങ്കിനെ സഖർ ഗോബാഷ് പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള യു.എ.ഇയുടെ താൽപര്യവും അദ്ദേഹം ആവർത്തിച്ചു. ഇരു രാജ്യങ്ങളിലെയും നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.