ബോയിങ് 787-9 വിമാനങ്ങളിൽ ആദ്യത്തേത് സ്വന്തമാക്കി ഒമാൻ എയർ
എയർലൈന്‍റെ ഡ്രീംലൈനർ ഫ്ളീറ്റ് വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഈ വർഷം അനുവദിച്ച മൂന്ന് പുതിയ ബോയിങ് ബി787-9 വിമാനങ്ങളിൽ ആദ്യത്തേത് സ്വന്തമാക്കി ഒമാൻ എയർ. 2027ഓടെ എട്ട് വിമാനങ്ങൾ കൂടി ഒമാൻ എയറിന് സ്വന്തമാകും. അത്യാധുനിക സാങ്കേതിക വിദ്യയും ഇന്ധനക്ഷമതയും വിശാലമായ ക്യാബിനുകളുമാണ് ബി787-9 വിമാനങ്ങളുടെ പ്രത്യേകത.
ബോയിങ്ങിന്‍റെ സിയാറ്റിൽ കേന്ദ്രത്തിൽ നിന്നാണ് വിമാനം മസ്‌കത്തിലെത്തിച്ചത്. ആധുനികവും ഏകീകൃതവുമായ ഒരു ഫ്ലീറ്റ് നിലനിർത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പരിപാലനച്ചെലവ് കുറക്കുന്നതിനും യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും നൽകുന്നതിനുള്ള ഒമാൻ എയറിന്‍റെ പ്രവർത്തനങ്ങളുമായി ഒത്തുചോരുന്നതാണ് പുതുതായി ലഭിച്ച ബി787-9 വിമാനമെന്നും ഇതിൽ സന്തോഷം പ്രകടിപ്പിക്കുന്നതായും ഒമാൻ എയർ സി.ഇ.ഒ കോൺ കോർഫിയാറ്റിസ് പറഞ്ഞു.
30 ബിസിനസ് ക്ലാസ് സീറ്റുകളും 258 ഇക്കണോമി ക്ലാസ് സീറ്റുകളുമുള്ള ടു ക്ലാസ് ലേഔട്ടാണ് പുതിയ വിമാനത്തിന്‍റെ സവിശേഷത. ഒമാൻ എയറിന്‍റെ ആഗോള ശൃംഖലയിലെ പ്രധാന റൂട്ടുകളിലാകും ഇത് സർവീസ് നടത്തുക.