ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്കത്ത് ; ഒന്നാം സ്ഥാനത്ത് സിംഗപ്പൂർ
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി ഒമാന്റെ തലസ്ഥാനമായ മസ്കത്തിനെ തിരഞ്ഞെടുത്തു. നംബിയോ തയാറാക്കിയ റിപ്പോർട്ടിലാണ് മസ്കത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്. സിങ്കപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ഇസ്ലാമാബാദ് (മൂന്ന്), ടോക്യോ(നാല്), അന്റാലിയ (അഞ്ച്) എന്നിങ്ങനെയാണ് ആദ്യ അഞ്ചിൽ ഇടം നേടിയ മറ്റ് രാജ്യങ്ങൾ.
ലോകമെമ്പാടുമുള്ള നഗരങ്ങളിലെ വായു, ജല മലിനീകരണം, മാലിന്യ സംസ്കരണം, ശുചിത്വ സാഹചര്യങ്ങൾ, പ്രകാശ-ശബ്ദ മലിനീകരണം, ഹരിത പ്രദേശങ്ങൾ, എന്നിങ്ങനെയുള്ള മലിനീകരണവുമായി ബന്ധപ്പെട്ട സൂചികകളെ അടിസ്ഥാനപ്പെടുത്തിയാണ് നംബിയോ പട്ടിക തയാറാക്കിയിരിക്കുന്നത്.
മലിനീകരണ സൂചികയിൽ മസ്കത്ത് മികച്ച റേറ്റിങ് ആണ് നേടിയത് (36.2 സ്കോർ). കർശനമായ സുസ്ഥിരതയും ശുചിത്വ നിലവാരവും ഉയർത്തിപ്പിടിക്കാനുള്ള നഗരത്തിന്റെ ശ്രമങ്ങളുടെ തെളിവാണ് ഈ നേട്ടം.
പാരിസ്ഥിതിക ശ്രമങ്ങൾക്ക് പേരുകേട്ട മറ്റ് പ്രധാന ഏഷ്യൻ നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച സ്ഥാനത്താണ് സുൽത്താനേറ്റ് കൈവരിച്ചത്. ഈ ബഹുമതി പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിതവും പാരിസ്ഥിതിക ഉത്തരവാദിത്തമുള്ളതുമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്ന മസ്കത്തിന്റെ പ്രതിബദ്ധതക്കുള്ള അംഗീകാരം കൂടിയാണ്.
വായുവിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരം, പ്രവേശനക്ഷമത, മാലിന്യ നിർമാർജന സംതൃപ്തി, നിശ്ശബ്ദത, രാത്രി വിളക്കുകൾ, പച്ചപ്പിന്റെയും പാർക്കുകളുടെയും ഗുണനിലവാരം എന്നിവ വരുന്ന ശുദ്ധത, വൃത്തി എന്നീ വിഭാഗങ്ങളിലും മസ്കത്ത് ഉയർന്ന സ്കോർ ആണ് സ്വന്തമാക്കിയത്.
റീസൈക്ലിങ് പരിപാടികൾ മെച്ചപ്പെടുത്തുന്നതിനും കാർബൺ ബഹിർഗമനം കുറക്കുന്നതിനും ഹരിത സംരംഭങ്ങളെ പിന്തുണക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുമായി മസ്കത്ത് മാതൃകാപരമായി മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മലിനീകരണ സൂചികയിൽ മസ്കത്തിന്റെ മികച്ച റേറ്റിങിനെക്കുറിച്ചുള്ള വാർത്തകൾ പ്രാദേശിക അധികാരികളും പരിസ്ഥിതി സംഘടനകളും മികച്ച സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
മസ്കത്തിന്റെ പ്രകൃതിസൗന്ദര്യം സംരക്ഷിക്കുന്നതിനും മലിനീകരണ തോത് കുറക്കുന്നതിനും പൗരന്മാരുടെ പൊതുജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കൂടുതൽ നയങ്ങൾ രൂപവത്കരിക്കുന്നതിനുള്ള ആവശ്യകത അവർ അടിവരയിട്ട് പറയുകയും ചെയ്തു.