മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി
മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കുന്ന പുസ്തകമേള മാർച്ച് നാലുവരെ തുടരും. 32 രാജ്യങ്ങളിൽനിന്നായി 826 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. ഇംഗ്ലീഷ്, അറബി, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാണ് വായനക്കാർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
സംവാദങ്ങൾ, പുസ്തകപ്രകാശനം, ചർച്ചകൾ, കുട്ടികൾക്കായുള്ള പരിപാടികൾ എന്നിവ അരങ്ങേറും. 1194 പവിലിയനുകളായി 5900 ആധുനിക പ്രസിദ്ധീകരണങ്ങളും 204,411 വിദേശ പുസ്തകങ്ങളും 260,614 അറബിക് പുസ്തകങ്ങളുമാണ് മേളയിലുള്ളത്. പ്രാദേശിക ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി വേദിയിലെ ഭക്ഷണശാലകളുടെ എണ്ണം ഈവർഷം വർധിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരുടെ സംഗമങ്ങളും നടക്കും.
തെക്കൻ ബാത്തിന ഗവർണറേറ്റാണ് ഈവർഷത്തെ വിശിഷ്ടാതിഥികൾ. തത്സമയ സന്ദർശകരുടെ എണ്ണം, അവരുടെ പ്രായം, വിഭാഗങ്ങൾ എന്നിവ അറിയാനും എക്‌സിബിഷനുമായി ബന്ധപ്പെട്ട ഡേറ്റ ശേഖരിക്കാനും വിശകലനം ചെയ്യാനും സഹായിക്കുന്നതിന് മേളയിൽ കൃത്രിമബുദ്ധി ഉപയോഗിക്കുന്നുണ്ട്. 5900 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. പുസ്തകമേളയെ കൂടുതൽ ജനകീയമാക്കുന്നതിൻറെ ഭാഗമായി സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാരേയും ഇപ്രാവശ്യം പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്.
മേള നടക്കുന്ന കാലയളവിൽ ഒമാൻ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ മറ്റ് പരിപാടികളൊന്നും ഉണ്ടായിരിക്കില്ല. മലയാള പുസ്തകവുമായി അൽ ബാജ് ബുക്‌സ് പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് സ്റ്റാളുകളാണ് അൽ ബാജിന് ലഭിച്ചിരിക്കുന്നത്. പുസ്തകമേളയിലേക്ക് സ്ത്രീകൾക്കും സ്‌കൂൾ വിദ്യാർഥികൾക്കുമുള്ള സന്ദർശനസമയം അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 23, 27, മാർച്ച് ഒന്ന് ദിവസങ്ങളിൽ സ്‌കൂൾ വിദ്യാർഥികൾക്കും 26, 28, മാർച്ച് രണ്ട് തീയതികളിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും മാത്രമായിരിക്കും പ്രവേശനം. രാവിലെ 10 മുതൽ ഉച്ച രണ്ടുമണിവരെ ഈ വിഭാഗത്തിൽപെടുന്നവർക്ക് സ്റ്റാളുകൾ സന്ദർശിക്കാം. ഈ ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്തുവരെ മറ്റുള്ളവർക്കും സ്റ്റാളുകൾ സന്ദർശിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.