മസ്കത്ത് ഫ്ലവർ ഷോ ; മേളയിൽ ഭരണാധികാരികളുടെ പേരുള്ള പുഷ്പങ്ങളും
മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായി ഒരുങ്ങുന്ന പ്രഥമ പുഷ്പമേളയിൽ ഭരണാധികാരികളുടെ പേരുകളുള്ള റോസാപ്പൂക്കളും സന്ദർശകരുടെ മനംകവരും. വിട പറഞ്ഞ സുൽത്താൻ ഖാബൂസ്, സുൽത്താൻ ഹൈതം ബിൻ താരിഖ്, സുൽത്താന്റെ ഭാര്യ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി എന്നിവരുടെ പേരിലുള്ള റോസാപ്പൂക്കളാണ് മേളയുടെ പ്രധാന ആകർഷണമാകാനായി ഒരുങ്ങുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ലോകമെമ്പാടുമുള്ള പത്തുലക്ഷത്തിലധികം പൂക്കളാണ് മനോഹരമായ കാഴ്ചയൊരുക്കുക.
ഫ്രാൻസ്, നെതർലൻഡ്സ്, യു.എസ്.എ എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര പ്രശസ്തരായ ഫ്ലോറൽ ഡിസൈനർമാരുടെ കലാരൂപങ്ങളും അവതരിപ്പിക്കും. സിംഗപ്പൂർ, തായ്ലൻഡ്, ചൈന, യു.എസ്.എ എന്നിവിടങ്ങളിൽനിന്നുള്ള ഒരു അന്താരാഷ്ട്ര ടീം ആണ് ഫ്ലവർ നഗരി രൂപകൽപന ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള പുഷ്പ വിസ്മയങ്ങളുടെ അവിസ്മരണീയമായ കാഴ്ചയായിരിക്കും മേളയെന്ന്, ലോകമെമ്പാടുമുള്ള പുഷ്പ ഡിസൈനിങിലെ പ്രമുഖനായ സാം ലെംഹെനി പറഞ്ഞു. മസ്കത്ത് ഫ്ലവർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഖുറം നാച്ചുറൽ പാർക്കിനെ ആകർഷകമായ പുഷ്പകാഴ്ചയാക്കി മാറ്റും. ഞങ്ങളുടെ അന്തർദേശീയ വൈദഗ്ധ്യവും പ്രാദേശിക കഴിവുകളും സമന്വയിപ്പിച്ചു, ഇത് പ്രകൃതിയുടെയും കലകളുടെയും വൈവിധ്യമാർന്ന ചുറ്റുപാടുകളുടെയും സൗന്ദര്യത്തിന്റെ ആഘോഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.