ഒമാനിൽ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം
ഒമാനിൽ ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സേവനം നടത്തുന്ന ടാക്സികളുടെ നിരക്ക് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് അധിഷ്‌ഠിത ടാക്സികളുടെ നിരക്ക് ആണ് പ്രഖ്യാപിച്ചത്. ഹോട്ടലുകളിൽ സർവിസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീടുള്ള ഓരോകിലോമീറ്ററിനും 250 ബൈസ ഈടാക്കും. പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയിറ്റിങ് ചാർജ് ആയി 50 ബൈസയും നിശ്ചയിച്ചിട്ടുണ്ട്.
വാണിജ്യ കേന്ദ്രങ്ങളിലെ ടാക്സി നിരക്ക് 300 ബൈസയിൽ ആണ് ആരംഭിക്കുക. പിന്നീടുള്ള ഓരാ കിലോമീറ്ററിനും 130 ബൈസയായിരിക്കും. കാത്തിരിപ്പ് നിരക്ക് ഹോട്ടൽ ടാക്സികൾക്ക് തുല്യമാണ്. യാത്രയുടെ ഏറ്റവും കുറഞ്ഞ നിരക്ക് ഒരു റിയാൽ ആയിരിക്കും. സുൽത്താൻ ഖാബൂസ് തുറമുഖത്ത് സേവനം നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീട് ഓരോ കി.മീറ്ററിന് 250 ബൈസയും പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയിറ്റിങ് ചാർജായി 50 ബൈസയും നൽകേണ്ടി വരും.
മർഹബയും, ഒമാൻ ടാക്‌സിയും ഹോട്ടലുകളിൽ നിന്നും, ഹല, ഒമാൻ ടാക്സി, ഒടാക്‌സി, തസ്ലീം എന്നിവ മാളുകളിൽ നിന്നും, മർഹബ സുൽത്താൻ ഖാബൂസ് തുറമുഖത്തുനിന്നും സർവിസ് നടത്തുന്നതിനുമാണ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.