ഒമാനിൽ വെർച്വൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.റഹ്മ ബിൻത് ഇബ്രാഹീം അൽ മഹ്റൂഖി
രാജ്യത്ത് വെർച്വൽ യൂനിവേഴ്സിറ്റി സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നൊവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖി. ശൂറാ കൗൺസിലിന്റെ പത്താം റെഗുലർ സെഷനിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
പഞ്ചവത്സര തന്ത്രങ്ങളും പദ്ധതികളും, വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പരിശീലനം, ഗവേഷണം എന്നിങ്ങനെ അഞ്ച് മേഖലകളിൽ മന്ത്രാലയത്തിന്റെ കാര്യങ്ങളെക്കുറിച്ച് അവർ വിശദീകരിച്ചു. ഇന്റർനെറ്റ് വഴി ഉന്നത വിദ്യാഭ്യാസം നൽകുന്നതിനായി ഒമാനി വെർച്വൽ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള കാര്യങ്ങൾ പഠിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ സംരംഭം വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനക്ഷമത വർധിപ്പിക്കാനും വിദ്യാർഥികൾക്ക് തുടർച്ചയായ പഠന അവസരങ്ങളെ പിന്തുണക്കാനുമാണ് ഉദ്ദേശിക്കുന്നത്.
ഉന്നതവിദ്യാഭ്യാസത്തിനായി തന്ത്രപ്രധാനമായ ഓൺലൈൻ പ്ലാറ്റ്ഫോം വികസിപ്പിക്കുക, ഒമാനിനകത്തും പുറത്തുമുള്ള മികച്ച പഠനാന്തരീക്ഷം പരിപോഷിപ്പിക്കാനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഒമാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അവയുടെ സേവനങ്ങളിലേക്കും അന്തർദേശീയ വിദ്യാർഥികളെ ആകർഷിക്കാൻ രൂപകൽപ്പന ചെയ്ത ‘സ്റ്റഡി ഇൻ ഒമാൻ’ കാമ്പയിനിന്റെ ഗുണങ്ങളെക്കുറിച്ചും ഡോ. അൽ മഹ്റൂഖി എടുത്തുപറഞ്ഞു. മന്ത്രാലയം നിർദേശിച്ച യോഗ്യതയില്ലാത്ത പ്രവാസികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി നൽകരുതെന്നും മന്ത്രി നിർദേശിച്ചു.