നോമ്പ് കാലത്തെ ആരോഗ്യം; മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം
നോമ്പുകാലത്ത് മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിന് മാർഗനിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. നോമ്പ് തുറക്കുന്ന വേളയിലും അത്താഴത്തിനും കഴിക്കേണ്ട ഭക്ഷണ രീതിയെ കുറിച്ചാണ് അധികൃതർ വിശദീകരിച്ചിരിക്കുന്നത്.
നോമ്പ് തുറക്കുമ്പോൾ: ഈത്തപ്പഴം, വെള്ളം, ഫ്രക്ടോസ് അടങ്ങിയ മറ്റു പഴങ്ങൾ എന്നിവയോടെ ആരംഭിക്കുക, വയറുവേദന തടയാൻ ഒരു കപ്പ് ഇളം ചൂടുവെള്ളം കുടിക്കുക, നമസ്കാരത്തിന് മുമ്പും ശേഷവും എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നോമ്പ് തുറക്കുക, സൂപ്പ്, സലാഡുകൾ, അന്നജം, പയർവർഗങ്ങൾ, മാംസം എന്നിവ അടങ്ങിയ സമീകൃതാഹാരം ഉറപ്പാക്കുക.
അത്താഴത്തിന് (സുഹൂർ): നോമ്പ് ആരംഭിക്കുന്നതിന് ഏകദേശം അര മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക, അമിതമായി മധുരമുള്ള ജ്യൂസുകൾ ഒഴിവാക്കി 2.5 മുതൽ മൂന്ന് ലിറ്റർ വെള്ളം കുടിക്കുക, നാരുകൾ, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണം തിരഞ്ഞെടുക്കുക, പയർ, വാഴപ്പഴം, ഈത്തപ്പഴം, തൈര് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഇനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.