ഒമാനിൽ നിന്ന് ഈ വർഷം ഹജ്ജിന് പോയ ഹാജിമാർ തിരിച്ചെത്തി തുടങ്ങി
ഈ വർഷം ഒമാനിൽനിന്ന് വിശുദ്ധ ഹജ്ജ് കർമത്തിന് പോയി തിരിച്ചെത്തിയ ഹാജിമാർ ആത്മ നിർവൃതിയിലാണ്. ഹജ്ജ് കർമം ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞെങ്കിലും ഇത്തവണ അനുഭവപ്പെട്ട ഉയർന്ന താപനില വൻ പ്രയാസം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ഹാജിമാർ പറഞ്ഞു. മുമ്പെന്നുമില്ലാത്ത ചൂടാണ് ഈ വർഷം അനുഭവപ്പെട്ടത്. കടുത്ത ചൂട് കാരണം ചില ഇടങ്ങളിൽ കുടിവെള്ള ക്ഷാമവും നേരിട്ടിരുന്നു. ഹജ്ജ് ദിവസം 51.8 ഡിഗ്രി സെൾഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്.
ബലി പെരുന്നാൾ ദിവസം അഥവാ ഒന്നാം ജംറ ദിവസം അനുഭവപ്പെട്ട കടുത്ത ചൂട് വൻ പ്രയാസമാണ് സൃഷ്ടിച്ചതെന്ന് മസ്കത്തിൽനിന്ന് അൽ ഫലാഹ് ഗ്രൂപ് വഴി ഹജ്ജിന് പോയ റഹ്മത്തുല്ല മഗ്രിബി പറഞ്ഞു. കടുത്ത ചൂടിനൊപ്പം വാഹനങ്ങൾ മുസ്തലിഫയിൽ എത്താൻ കഴിയാത്തത് കാരണം മുസ്തലിഫയിൽനിന്ന് മിനായിലേക്കും മിനയിൽ കല്ലെറിഞ്ഞ ശേഷം ആദ്യ ത്വാവാഫിനായി മസ്ജിദുൽ ഹറമിലേക്കും നടക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക് കാരണം വാഹനങ്ങൾക്ക് ഹാജിമാരെ മക്കയിലേക്ക് കൊണ്ട് പോവാൻ കഴിഞ്ഞിരുന്നില്ല. മിനയിൽ കല്ലെറിഞ്ഞ ശേഷം ഹറമിലേക്കുള്ള നടത്തം ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. മിനയിൽനിന്ന് ഹറമിലേക്ക് എട്ടു കിലോ മീറ്റർ ദൂരമാണുള്ളത്. അന്ന് 52 ഡിഗ്രിക്കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. തങ്ങളുടെ ഗ്രൂപ്പിൽ എട്ട് പേരുണ്ടായിരുന്നുവെന്നും കൈയിൽ കരുതിയിരുന്ന വെള്ളപ്പാത്രത്തിൽ ഏറെ നിയന്ത്രണം പാലിച്ച് കുടിച്ചാണ് നടത്തം തുടർന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മിനയിൽ നിന്ന് ഹറമിലേക്ക് ടണൽ വഴി നടന്ന് പോയവർക്ക് വലിയ പ്രയാസം നേരിടേണ്ടി വന്നില്ലെന്നും എയർ കണ്ടീഷൻ അടക്കമുള്ള എല്ലാ സൗകര്യവുമുള്ളതിനാൽ ടണൽ യാത്രക്കാർക്ക് പ്രയാസങ്ങൾ കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രണ്ടാം ദിവസം അധികൃതർ വൻ മുൻ കരുതലുകൾ എടുത്തിരുന്നു. വൻ ചൂട് കാരണം പകൽ സമയത്തെ ജംറയിലെ കല്ലേറിന് അധികൃതർ അനുവാദം നൽകിയിരുന്നില്ല. രണ്ടാം ദിവസം വൈകുന്നേരം നാല് മുതലാണ് ജംറയിൽ കല്ലേറിന് അനുവാദം നൽകിയത്. കുടിവെള്ള സൗകര്യം അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നത് കാരണം അനിഷ്ട സംഭവങ്ങൾ തീരെ കുറവായിരുന്നു. കുടിക്കാൻ വെള്ളം നൽകുന്നതോടൊപ്പം തലയിൽ വെള്ളം ഒഴിച്ച് കൊടുക്കുന്നതും കാണാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാതെ ഹജ്ജിന് വന്ന പ്രായം ചെന്നവർ ഈ വർഷം ഏറെ പ്രയാസം അനുഭവിച്ചിരുന്നു. ഇങ്ങനെ കുടുങ്ങിപ്പോയവരെ സഹായിക്കണെമന്ന് ആവശ്യപ്പെട്ട് നാട്ടിൽ നിന്ന് അഞ്ചോളം പരിചയക്കാർ താനുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രായമായവരെ മക്കളോ അടുത്ത ബന്ധുക്കളോ കൂടെയില്ലാതെ ഹജ്ജിനയക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൂട് കാരണം ഹജ്ജ് സീസണിൽ ടാക്സിക്കാരും ഉയർന്ന നിരക്കുകൾ ഈടാക്കിയതായും അദ്ദേഹം പറഞ്ഞു.