വിദേശ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസമാഹരണം ; നിരോധനം ഏർപ്പെടുത്തി ഒമാൻ
വിദേശങ്ങളിൽ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള ധനസമാഹരണം ഒമാൻ നിരോധിച്ചു. അടുത്തിടെ ഏർപ്പെടുത്തിയ വിലക്ക് നാഷനൽ ഓർഗൻ ട്രാൻസ്പ്ലാന്റ് പ്രോഗ്രാമിലെ അവയവദാന വിഭാഗം മേധാവി ഡോ.ഖാസിം ബിൻ മുഹമ്മദ് ബിൻ സുലൈമാൻ അൽ ജഹ്ദാമിയാണ് സ്ഥിരീകരിച്ചത്. കച്ചവടം ലക്ഷ്യമാക്കി അവയവം മാറ്റിവെക്കലിനുള്ള സംഭാവനകൾ ചാരിറ്റബിൾ ഗ്രൂപ്പുകൾ പരസ്യപ്പെടുത്തുന്നതായി ആരോഗ്യമന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
സാമൂഹിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായ അവയവമാറ്റത്തിനായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഡോ. അൽ ജഹ്ദാമി പറഞ്ഞു. അത്തരം നടപടിക്രമങ്ങൾ പലപ്പോഴും നിയമപരവും ധാർമികവുമായ ചട്ടക്കൂടുകൾക്കു പുറത്താണ്. ഇത് മനുഷ്യക്കടത്തിലേക്കും അവയവ കടത്തിലേക്കും എത്തിപ്പെടാനുള്ള സാധ്യയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവയവം മാറ്റിവെക്കൽ ചട്ടങ്ങളുടെ ആറാം അധ്യായത്തിലെ ആർട്ടിക്കിൾ 25 അനുസരിച്ച് മനുഷ്യ അവയവങ്ങളുടെയും ടിഷ്യൂകളുടെയും വിൽപ്പനയുടെയും വാങ്ങലിന്റെയും പരസ്യമോ പ്രമോഷനോ വ്യക്തമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, ഒമാനി പീനൽ കോഡ് ഈ പ്രവർത്തനങ്ങൾക്ക് കർശനമായ പിഴകളാണ് മുന്നോട്ടു വെക്കുന്നത്.
അതേസമയം, ബോധവത്കരണത്തിന്റെ ഫലമായി രാജ്യത്ത് അവയവദാനവും മാറ്റിവെക്കലും വർധിച്ചിട്ടുണ്ട്. 2023ൽ ഒമാനിൽ 19 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടന്നു. ഇതിൽ 15 എണ്ണം മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്നും നാല് എണ്ണം ദാതാക്കളിൽ നിന്നുമാണ് സ്വീകരിച്ചത്. മുൻ വർഷത്തേക്കാൾ ഏകദേശം 20 ശതമാനം വർധനയാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം11 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി. ഒന്ന് ദാതാവിൽ നിന്നും ശേഷിക്കുന്നവ മരിച്ചവരിൽനിന്നുമായിരുന്നു എടുത്തിരുന്നത്. അവയവദാനത്തിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ അൽ ഷിഫ പോർട്ടലിൽ സന്നദ്ധരായ 20,000ത്തിലധികം ദാതാക്കളാണ് രജിസ്റ്റർ ചെയ്തിരികുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബോധവത്ക്കരണത്തിന്റെ ഫലമായി അവയവങ്ങൾ ദാനം ചെയ്യാനായി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ആളുകളുടെ എണ്ണം വർധിപ്പിക്കുകയും യുവാക്കൾ ജീവൻ രക്ഷിക്കാൻ അവബോധം പ്രചരിപ്പിക്കുകയും വേണം. അവയവം ദാനം ചെയ്യൽ ഒരാളുടെ ജീവിതകാലത്തോ മരണശേഷമോ ആകാം. എന്നാൽ അത്തരമൊരു മഹത്തായ പ്രവർത്തനത്തിനുള്ള മനസ്സ് ആവശ്യമാണെന്ന് ഡോ.അൽ ജഹ്ദാമി പറഞ്ഞു. അവയവമാറ്റത്തിനു മുമ്പും ശേഷവുമുള്ള രോഗികളുടെ ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോൾ അവയവദാനം ദാതാവിനെ ദോഷകരമായി ബാധിക്കില്ലെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.