ഒമാനിൽ ഭിന്നശേഷിക്കാർക്കുള്ള ആദ്യ നടപ്പാത ഉദ്ഘാടനം ചെയ്തു
ഭിന്നശേഷിക്കാർക്കും പ്രത്യേക സഹായം ആവശ്യമുള്ളവർക്കും വേണ്ടിയുള്ള രാജ്യത്തെ ആദ്യ നടപ്പാത വടക്കൻ ബാത്തിന ഗവർണറേറ്റിലെ സോഹാറിൽ ഉദ്ഘാടനം ചെയ്തു. സോഹാറിലെ അൽ ഹംബാറിലാണ് വഴി നിർമിച്ചത്. ഇതിന് ഒരു കിലോ മീറ്ററോളം നീളമുണ്ട്. ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ് ഈ നടപ്പാതയെന്ന് തെക്കൻ ബാത്തിന മുനിസിപ്പാലിറ്റി ഡയറക്ടർ വലീദ് അൽ നബാനി പറഞ്ഞു. കാഴ്ചയില്ലാത്തവർക്ക് വഴി കാണിക്കാനുള്ള ബ്രെയിൽ മാപ്പ് അടക്കമുള്ള സവിശേഷതകൾ ഈ പാതക്കുണ്ട്. നടക്കാൻ പ്രയാസമുള്ളവർക്കായി പിടിച്ച് നടക്കാൻ കൈപ്പിടിയോട് കൂടിയ സൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് അവരെയും സമൂഹത്തോടൊപ്പം ചേർക്കാനുള്ള ഈ പദ്ധതി വടക്കൻ ഗവർണറേറ്റിലാണ് ആദ്യമായി നടപ്പാക്കുന്നത്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം നടപ്പാതകൾ നിർമിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് ആക്കംകൂട്ടുമെന്നും അൽ നബാനി പറഞ്ഞു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുക എന്ന ഉദ്യമത്തിലെ സുപ്രധാന നാഴികക്കല്ലാവും സോഹാർ നടപ്പാത പദ്ധതി. ഇത് ഭിന്നശേഷിക്കാരുടെ കായിക ക്രിയകൾക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതോടൊപ്പം സമൂഹത്തിൽ പ്രാധാന്യവും തുല്യ അവസരവും നൽകുന്നു.
പുതിയ നടപ്പാത സോഹാറിലെ പ്രദേശിക ഉദ്യോഗസ്ഥർക്കും സമൂഹത്തിലെ മറ്റു വിഭാഗം ആളുകൾക്കിടയിലും പ്രശംസ നേടാൻ കാരണമായിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം വ്യക്തികളുടെയും ആരോഗ്യവും നന്മയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതിയെന്നും പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു. ആരോഗ്യ പരിമിതികൾക്കപ്പുറം എല്ലാ വിഭാഗം ആളുകളും സമൂഹത്തിന്റെ ഭാഗമാണെന്ന സന്ദേശമാണ് ഈ പദ്ധതി നൽകുന്നതെന്നും അവർ പറഞ്ഞു.