ഒമാനിൽ ഇ- തട്ടിപ്പ് തടയൽ; ‘ട്രായ്’ ടീമിനെ രൂപവത്കരിച്ചു
ഒമാനിൽ ഇലക്ട്രോണിക് തട്ടിപ്പ് കൈകാര്യം ചെയ്യുന്നതിനായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്ര) ഒരു സമർപ്പിത ടീമിനെ രൂപവത്കരിച്ചു. വഞ്ചനാപരമായ കേസുകൾ ട്രാക്കുചെയ്യുന്നതിനും ഫലപ്രദമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഈ ടീം രൂപവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതിക നടപടികൾ നടപ്പിലാക്കാൻ അതോറിറ്റി കമ്പനികൾക്ക് നിർദേശം നൽകി. ഇലക്ട്രോണിക് തട്ടിപ്പിന്റെ അപകടസാധ്യതകളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിന് കാമ്പയിൻ ആരംഭിക്കും.
കുട്ടികളുടെ ഇന്റർനെറ്റിനോടുള്ള ആസക്തി കുറക്കുന്നതിനായി ദേശീയ കാമ്പയിൻ ആരംഭിക്കുകയും ചെയ്തു. ടെലികമ്യൂണിക്കേഷൻ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിവിധ കക്ഷികൾ പങ്കെടുത്ത യോഗത്തിലാണിത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഗുണഭോക്താക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം, ബില്ലിങ്, പ്രമോഷണൽ ഓഫറുകൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ കൈമാറ്റം സുഗമമാക്കുന്ന കാര്യങ്ങളും യോഗം ചർച്ച ചെയ്തു. ഫോർ ജി, ഫൈവ് ജി നെറ്റ്വർക്കുകളിലേക്കുള്ള മാറ്റം ഉൾപ്പെടെയുള്ള ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ നവീകരിക്കുന്നതിനുള്ള കാര്യങ്ങളും ട്രാ എടുത്തു പറഞ്ഞു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ബ്രോഡ്ബാൻഡ് സേവനങ്ങളുമായി ബന്ധപ്പെട്ട് അതോറിറ്റിക്ക് ഏകദേശം 398 പരാതികൾ ലഭിച്ചതായി ട്രായിലെ സേവന ഗുണനിലവാര, സമഗ്ര സേവന വകുപ്പ് ഡയറക്ടർ നാസർ അൽ ജാബ്രി പറഞ്ഞു. ഇതിൽ 70 ശതമാനവും കെട്ടിടങ്ങൾക്കുള്ളിലെ ആന്തരിക കണക്ഷനുകളുമായി ബന്ധപ്പെട്ടവയാണ്. രാജ്യത്തെ 86 ശതമാനം കുട്ടികളും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും ചിലരിൽ ആസക്തിയുള്ള പെരുമാറ്റം ഉണ്ടെന്നും ജാബ്രിറി പറഞ്ഞു.
ഇതിനു പരിഹാരമായി ദേശീയ ബോധവത്കരണ കാമ്പയിൻ ഉൾപ്പെടെ സുരക്ഷിതമായ സാങ്കേതിക ഉപയോഗത്തെക്കുറിച്ച് കുടുംബങ്ങളെ ബോധവത്കരിക്കുന്നതിന് ട്രാ നിരവധി പരിപാടികൾ ആരംഭിച്ചിടുണ്ട്. കൂടാതെ, കമ്യൂണിക്കേഷൻസ് സേവനങ്ങൾ ഉപയോഗിക്കുന്ന കുട്ടികളെ സംരക്ഷിക്കാൻ പ്രത്യേകം ലക്ഷ്യമിടുന്ന ഗുണഭോക്താക്കളുടെ അവകാശ നിയന്ത്രണങ്ങളിൽ അതോറിറ്റി വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 4,412 സ്റ്റേഷനുകളിലുടനീളം ഫൈവ് ജി നെറ്റ്വർക്കുകളുടെ വിന്യാസം ഉൾപ്പെടെ, 3,046 സ്റ്റേഷനുകളുടെ പരിശോധന ഇതിനകം പൂർത്തിയായി. കുറഞ്ഞ വേഗത്തിൽനിന്ന് ഉയർന്ന വേഗതയുള്ള എ.ഡി.എസ്.എൽ, ഫൈബർ ഒപ്റ്റിക് കണക്ഷനുകളിലേക്കും വരിക്കാർ കടന്നുവരുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.