ഗാസയിലെ വെടിനിർത്തൽ; യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഒമാൻ
ഗാസ വിഷയവുമായി ബന്ധപ്പെട്ട യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത ഒമാൻ ഉടനടി വെടിനിർത്തലിനുള്ള ആഗോള ആഹ്വാനം നിറവേറ്റേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു. അറബ്-ഇസ്രായേൽ സംഘർഷത്തെക്കുറിച്ചുള്ള എല്ലാ പ്രമേയങ്ങളും നടപ്പിലാക്കുന്നതിൽ സുരക്ഷ കൗൺസിലിന്റെ ബാധ്യതകൾ ഉയർത്തിപ്പിടിക്കാൻ വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിൽ വേരൂന്നിയ ന്യായവും സമഗ്രവും ശാശ്വതവുമായ സമാധാനം പിന്തുടരുന്നതിനും അറബ് പ്രദേശങ്ങളിലെ അനധികൃത ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുകയും വേണം. ഗാസ മുനമ്പിൽ മാനുഷികവും ദുരിതാശ്വാസവുമായ സഹായങ്ങളുടെ തടസ്സമില്ലാത്തതും ഫലപ്രദവുമായ ഒഴുക്ക് ഉറപ്പാക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം, ഗാസയിൽ വെടിനിർത്താനാവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം സഹായം നൽകാൻ മാത്രം അനുവദിച്ചാണ് യു.എൻ രക്ഷാസമിതിയിൽ പാസായത്. അമേരിക്കയും റഷ്യയും വിട്ടുനിന്നപ്പോൾ മറ്റ് അംഗരാജ്യങ്ങൾ അനുകൂലമായി വോട്ടുചെയ്തു. ഇസ്രായേൽ സൈനിക കാർമികത്വത്തിൽ വംശഹത്യയും മഹാനാശവും തുടരുന്ന ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച അവതരിപ്പിക്കാനിരുന്ന പ്രമേയം അമേരിക്കൻ എതിർപ്പിനെത്തെതുടർന്ന് അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.
ശത്രുത പൂർണമായി അവസാനിപ്പിക്കണമെന്നും ഗാസയിലേക്ക് സഹായമെത്തിക്കുന്നത് യു.എൻ കാർമികത്വത്തിലാകണമെന്നുൾപ്പെടെ ആവശ്യപ്പെട്ടായിരുന്നു യു.എ.ഇ പ്രമേയം കൊണ്ടുവന്നത്. എന്നാൽ, ഈ രണ്ടു ആവശ്യങ്ങളും ഒരുനിലക്കും അംഗീകരിക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ വീണ്ടും വീറ്റോ ചെയ്യപ്പെടുമെന്നായി.
ഹമാസിനെ തുടച്ചുനീക്കുംവരെ ആക്രമണം തുടരാൻ ഇസ്രായേലിനെ സഹായിക്കുമെന്നാണ് യു.എസ് നിലപാട്. ഗാസയിലേക്കുള്ള സഹായം നിലവിൽ ഇസ്രായേൽ നിയന്ത്രിക്കുന്നത് മാറ്റി യു.എന്നിന് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നും വൈറ്റ്ഹൗസ് പറയുന്നു. ദിവസങ്ങൾ നീണ്ട സമ്മർദത്തിനൊടുവിൽ ഈ രണ്ടു ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടാണ് രക്ഷാസമിതിയിൽ പ്രമേയം പാസായത്. ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത് 20,057 ആളുകളാണ്. 53,320 പേർക്ക് പരിക്കേറ്റു.