ഒമാനില്‍ കെട്ടിട നിര്‍മാണ നിയമം; വര്‍ഷാവസാനത്തോടെ നിലവില്‍ വരും
ഒമാനിൽ കെട്ടിടങ്ങളുടെ നിർമാണം, പുതുക്കി പണിയൽ, അറ്റകുറ്റ പണികൾ എന്നിവക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള നിയമം ഈ വർഷം അവസാനത്തോടെ നിലവിൽ വരും.കെട്ടിടങ്ങളുടെ സാങ്കേതിവും ശാസ്ത്രീയവുമായ നിർമാണങ്ങൾക്ക് മുൻഗണന നൽകുന്നതായിരിക്കും പുതിയ നിയമം.
കെട്ടിടങ്ങളുടെ അടിത്തറ, പ്രകൃതിപരമായ അവസ്ഥകൾ, എൻജിനീയറിങ് തത്ത്വങ്ങൾ എന്നിവ ഉൾക്കൊളളുന്നതായിരിക്കും നിയമം. ഒമാനിൽ നിർമിക്കുന്നതോ പുതുക്കി പണിയുന്നതോ ആയ കെട്ടിടങ്ങളുടെ നിയമനിർദ്ദേശങ്ങൾ ഇതിലുണ്ടാവും. കെട്ടിടങ്ങളുടെ നിലനിൽപ്പ്, സുരക്ഷ, പൊതുജനാരോഗ്യം എന്നിവ ഉറപ്പുവരുത്തുന്ന രീതിയാലായിരിക്കണം കെട്ടിടം നിർമിക്കേണ്ടത്. പൊതുനിയമങ്ങൾ, ശക്തി, കാര്യക്ഷമത, സുസ്ഥിരത, നിലവിലുള്ളതും പരമ്പരാഗത കെട്ടിടങ്ങളും, പ്ലംബിങ്, മെക്കാനിക്കൽ സാനിറ്ററി സംവിധാനം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് കെട്ടിട നിയമം കാര്യമായി ഊന്നൽ നൽകുക.
കെട്ടിട നിർമാണത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഗുണനിലവാരം, വില, പ്രാദേശിക ഉൽപന്നങ്ങളുടെ മൂല്യം എന്നിവയും നിയമം വഴി നിയന്ത്രിക്കും. കെട്ടിടങ്ങളുടെ നിർമാണ ചെലവ് കുറയ്ക്കാനും സുരക്ഷിതമായ കെട്ടിടങ്ങൾ നിർമിക്കാനും നിയമങ്ങൾ സഹായകമാവും. തീപിടിത്തമുണ്ടാകുമ്പോൾ രക്ഷപെടാനുള്ള സംവിധാനം രൂപകൽപന ചെയ്യാനും നിയമത്തിലുണ്ടാവും. താമസക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനാൽ വെള്ളപ്പൊക്കം, ഭൂമികുലുക്കം സാധ്യതകളുള്ള മേഖലകളിൽ നിർമിക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക മാർഗ നിർദേശം ഉണ്ടാകും.