ബാത്തിന തീരദേശ റോഡ് പദ്ധതി ; ആദ്യഘട്ട നിർമാണം പുനരാരംഭിച്ചു
മസ്കത്ത് ബാത്തിന തീരദേശ റോഡ് പദ്ധതിയുടെ ആദ്യഘട്ട നിർമാണം ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) പുനരാരംഭിച്ചു. മൊത്തം 30 കി.മീറ്ററിൽ വരുന്ന ഭാഗങ്ങളായിരിക്കും പൂർത്തിയാക്കുക. പദ്ധതിയിൽ ആദ്യ ഭാഗത്തിൽ 22 കിലോമീറ്ററും (ബർക മുതൽ സുവൈഖ് തുറമുഖം വരെ) രണ്ടാം ഭാഗത്തിൽ എട്ട് കിലോമീറ്ററുമാണ് വരുന്നത് (സോഹാർ തുറമുഖം മുതൽ ഖത്മ മിലാഹ വരെ). മഴക്കാലത്ത് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി നാല് വാദി പാലങ്ങളും ഇരുവശത്തുമുള്ള സർവിസ് റോഡുകളും മറ്റും പദ്ധതിയിലുൾപ്പെടുന്നുണ്ട്.
ബർക സൂഖ് ലിങ്ക് (നാല് കി.മീ), സുവൈഖ് വിലായത്ത് ലിങ്ക് (ആറ് കി.മീ), ബാത്തിന പ്രധാന റോഡിലെ സുവൈഖ് പാലത്തിന്റെയും നിർമാണം എന്നിവയും വിപുലീകരണത്തിൽ ഉൾപ്പെടുന്നതാണ്. ബർക, സുവൈഖ് തുറമുഖങ്ങളെയും ഖസാൻ ഇക്കണോമിക് സിറ്റിയെയും ബന്ധിപ്പിച്ച് വാണിജ്യ-സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കാനാണ് ഈ വിപുലീകരണംകൊണ്ട് ലക്ഷ്യമിടുന്നത്.
ബർക വിലായത്ത് മുതൽ ശിനാസ് വിലായത്തിലെ ഖത്മ മിലാഹ വരെ 244 കിലോമീറ്റർ നീളമുള്ള ബാത്തിന തീരദേശ റോഡ് പദ്ധതി രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഘട്ടത്തിൽ രണ്ട് ഭാഗങ്ങൾ ഉൾപ്പെടുന്നു. ആദ്യത്തേത് ബർകയിലെ അൽ നസീം ഇന്റർചേഞ്ച് മുതൽ സുവൈഖ് തുറമുഖം വരെ (66 കിലോമീറ്റർ), രണ്ടാമത്തേത് സുഹാർ തുറമുഖം മുതൽ ഖത്മ മിലാഹ വരെ (67 കിലോമീറ്റർ). രണ്ടാംഘട്ടം സുവൈഖ് തുറമുഖം മുതൽ സുഹാർ തുറമുഖം വരെ 111 കി.മീറ്റർ എന്നിങ്ങനെയാണ് ലക്ഷ്യമിടുന്നത്.