പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം ; മസ്കത്തിൽ പരിശോധന കർശനമാക്കി അധികൃതർ
പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം നടപ്പാക്കാത്തതിന് മസ്കത്തിലെ വെറ്ററിനറി ക്ലിനിക്കുകൾക്ക് പിഴ ചുമത്തി. പരിസ്ഥിതി അതോറിറ്റി, ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുമായി സഹകരിച്ച് മസ്കത്ത് ഗവർണറേറ്റിലെ വെറ്ററിനറി ക്ലിനിക്കുകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായായിരുന്നു നടപടി.
പരിശോധനയിൽ പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട നിരവധി സ്ഥാപനങ്ങളെ അധികൃതർ കണ്ടെത്തി. രാജ്യത്ത് 2027 ജനുവരിയോടെ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും ഘട്ടം ഘട്ടമായി നിരോധിക്കാൻ അധികൃതർ തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് ഈ വർഷത്തിന്റെ തുടക്കത്തിൽ പരിസ്ഥിതി അതോറിറ്റി തീരുമാനം (നമ്പർ 8/2024) പുറപ്പെടുവിച്ചിരുന്നു. ആദ്യഘട്ടത്തിന് ജൂലൈ ഒന്നിന് തുടക്കം കുറിക്കുകയും ചെയ്തു.
ഫാർമസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് നടപ്പിൽ വരുത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായായിരുന്നു വെറ്ററിനറി ക്ലിനിക്കുകളിലെ പരിശോധന.
നിയമം ലംഘിച്ചാൽ 50 മുതൽ 1000 റിയാൽവരെ പിഴ ഈടാക്കും. ആവർത്തിച്ചാൽ ഇരട്ടിയായി ചുമത്തും. രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായി ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്.
114/2001, 106/2020 എന്നീ രാജകീയ ഉത്തരവുകൾ പ്രകാരം പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിന്റെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട 2020/23 മന്ത്രിതല തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കൻ പരിസ്ഥിതി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചത്.
50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ഉപയോഗിക്കാൻ പാടിലെന്ന് ഉത്തരവിൽ പറയുന്നു. ഓരോ വിഭാഗത്തിലും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം വിവിധ ഘട്ടങ്ങളിലൂടെയാണ് നിരോധിക്കുക.
ഇതിനുശേഷം ഇവ ഉപയോഗിക്കുകയാണെങ്കിൽ പിഴ ചുമത്തും. തീരുമാനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി വരും ദിവസങ്ങളിൽ അധികൃതർ പരിശോധന നടത്തുകയും ചെയ്യും.
ബുറൈമി ഗവർണറേറ്റിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ നിരോധിക്കാനുള്ള തീരുമാനത്തിന്റെ ആദ്യഘട്ടം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ പരിസ്ഥിതി അതോറിറ്റി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് അതോറിറ്റി കമ്മിറ്റി രൂപവത്കരിച്ചത്.
പ്ലാസ്റ്റിക് ബാഗുകളുടെ അപകടങ്ങളെക്കുറിച്ച് സാംസ്കാരികവും പാരിസ്ഥിതികവുമായ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കാനാണ് സമിതി ലക്ഷ്യമിടുന്നതെന്ന് മാമരി വിശദീകരിച്ചു.