സലാലയിലെ ഓട്ടിസം സെന്റർ തുറന്നു; ഓട്ടിസം സെപെക്ട്രം ഡിസോർഡറുള്ള കുട്ടികൾക്ക് പിന്തുണയും പുനരധിവാസവും ലക്ഷ്യമിട്ടാണ് പദ്ധതി
സലാലയിലെ ഓട്ടിസം സെന്റർ സാമൂഹിക വികസന മന്ത്രി ലൈല ബിൻത് അഹമ്മദ് അൽ നജ്ജാർ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി പദ്ധതിക്ക് ധനസഹായം നൽകിയ ഒ.ക്യുയുമായി സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
ഓട്ടിസം സ്പെക്ട്രം ഡിസോർഡറുള്ള കുട്ടികൾക്ക് പിന്തുണയും പുനരധിവാസവും നൽകാൻ ലക്ഷ്യമിട്ടാണ് സെന്റർ തുറന്നത്. ഓട്ടിസം ബാധിച്ച 80 വ്യക്തികളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതാണിതെന്ന് സലാലയിലെ അൽ വഫ സെന്റർ ഫോർ റീഹാബിലിറ്റേഷൻ ഓഫ് ഡിസെബിലിറ്റീസ് ഓഫ് ദി ഡിസിബിലിറ്റേഷൻ മേധാവി ഉമയ്യ ബിൻത് ഹസൻ അൽ നഹ്ദി പറഞ്ഞു. അത്യാധുനിക ഉപകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ ഉപകരണങ്ങൾ പ്രത്യേക വിദ്യാഭ്യാസം, ഫിസിക്കൽ തെറാപ്പി, മാനസിക പിന്തുണ എന്നിവ നൽകാൻ സഹായിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി 1,550 ചതുരശ്ര മീറ്ററിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കേന്ദ്രം ഓട്ടിസം ബാധിച്ച കുട്ടികളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് മുൻഗണന നൽകും. അവരുടെ വളർച്ചക്കും വികാസത്തിനും അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യും. ചികിത്സകൾ നൽകുന്നതിനു പുറമേ, ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാനായുള്ള മാർഗനിർദേശവും കൗൺസിലിങ്ങും പിന്തുണയും കുടുംബങ്ങൾക്ക് നൽകും.