ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം നൽകി
2023-24 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം നൽകി. തലസ്ഥാന നഗരിയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ കെ ജി വൺ മുതൽ പതിനൊന്നാം ക്ലാസ് വരെ 4,677 വിദ്യാർഥികൾ അഡ്മിഷന് വേണ്ടി റജിസ്റ്റർ ചെയ്തു. ഇവർക്ക് സീറ്റ് അനുവദിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സ്‌കൂൾ ബോർഡ് അറിയിച്ചു.
ഓൺലൈൻ രജിസ്ട്രേഷനോട് കൂടിയ സെൻട്രലൈസ്ഡ് അഡ്മിഷൻ സംവിധാനത്തിലായിരുന്നു എല്ലാ നടപടിക്രമങ്ങളും. ഇങ്ങനെ തിരക്ക് ഇല്ലാതാക്കിയതോടെ രക്ഷിതാക്കൾക്കും സ്‌കൂൾ അധികൃതർക്കും സൗകര്യമായെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്കം പറഞ്ഞു. പുതിയ അപേക്ഷകർക്ക് അഡ്മിഷന് വേണ്ടി ഓൺലൈനിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്.
അൽ വാദി അൽ കബീർ, അൽ ഗുബ്ര ഇന്ത്യൻ സ്‌കൂളുകളിലെ ഇന്റർനാഷനൽ വിഭാഗത്തിലുള്ള അഡ്മിഷനുകൾക്ക് ഈ സ്‌കൂളുകളിൽ നേരിട്ട് പോകണം. ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കെയർ ആൻഡ് സ്പെഷ്യൽ എജുക്കേഷൻ (സി എസ് ഇ) അഡ്മിഷനും പുരോഗമിക്കുകയാണ്. മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ വളപ്പിലാണ് ഇത് പ്രവർത്തിക്കുന്നത്. www.cseoman.com എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാം.