അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ ഓഗസ്റ്റ് 3-ന് ആരംഭിക്കും

ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിൽ നടക്കാനിരിക്കുന്ന അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ 2023 ഓഗസ്റ്റ് 3, വ്യാഴാഴ്ച ആരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം, ഓഫീസ് ഓഫ് അൽ ദാഖിലിയ ഗവർണർ എന്നിവ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. 2023 ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 19 വരെയാണ് അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ നടക്കുന്നത്.ഹൈൽ യമൻ പാർക്കിന് സമീപത്തുള്ള പ്രധാന വേദി, സിഹ് ഖതാന എന്നിവിടിങ്ങളിലാണ് ഈ മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക സന്ദർശകർക്ക് പുറമെ വിദേശ ടൂറിസ്റ്റുകളെയും ആകർഷിക്കുന്ന രീതിയിലാണ് ഈ മേള ഒരുക്കുന്നത്.
അൽ ജബൽ അൽ അഖ്ദറിന്റെയും, ഒമാൻ എന്ന രാജ്യത്തിന്റെയും സാംസ്കാരിക പൈതൃകം, പ്രകൃതി ഭംഗി എന്നിവ എടുത്ത് കാട്ടുന്ന ഈ മേള പ്രാദേശിക സംരംഭകർക്കും, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ടൂറിസം അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് അവസരമൊരുക്കുന്നു. ബിർകത് അൽ മുസിലെ ബേത് അർ റുദായ്ദാഹ് ഫോർട്ടിന് അരികിൽ സംഘടിപ്പിക്കുന്ന ബേത് അർ റുദായ്ദാഹ് എക്സിബിഷൻ ഈ മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഈ എക്സിബിഷനിലേക്ക് അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ നടക്കുന്ന കാലയളവിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
വിനോദപരിപാടികൾ, പ്രാദേശിക രുചികൾ ഒരുക്കുന്ന ഭക്ഷണശാലകൾ, മേഖലയിൽ നിന്നുള്ള തനത് ഉത്പന്നങ്ങൾ ലഭിക്കുന്ന വില്പനശാലകൾ, പാരാഗ്ലൈഡിങ്ങ് ഷോകൾ, നാടകങ്ങൾ, മത്സരങ്ങൾ, സാഹസിക പ്രവർത്തികൾ, കായിക ഇനങ്ങൾ മുതലായവ ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്. മേളയിലെത്തുന്ന സന്ദർശകർക്കായി അൽ ജബൽ അൽ അഖ്ദർ വിലായത്തിന്റെ ചരിത്രം വിളിച്ചോതുന്ന അൽ സുവ്‌ജര പൈതൃകഗ്രാമത്തിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
Al Jabal Al Akhdar Festival set to begin on Thursday 3 August 2023. https://t.co/MpiyPd8JoH pic.twitter.com/RiYtwGVFvS
— Oman News Agency (@ONA_eng) August 1, 2023