ഒമാനിലെ സുൽത്താൻ ഖാബൂസ് ഗ്രാൻ്റ് മസ്ജിദ് സന്ദർശിക്കാൻ ഫീസ് ഏർപ്പെടുത്തി
ഒമാൻ തലസ്ഥാനമായ മസ്‌കത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സുൽത്താൻ ഖാബൂസ് ഗ്രാന്‍റ് മസ്ജിദ് സന്ദർശിക്കുന്നതിന് ഇനി ഫീസ് നൽകണം. സന്ദർശക അനുഭവവും മാനേജ്‌മെന്‍റും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് സുൽത്താൻ ഖാബൂസ് ഹയർ സെന്‍റർ ഫോർ കൾച്ചർ ആൻഡ് സയൻസ് വിഭാഗം അറിയിച്ചു.
അഞ്ച് നേരത്തെ പ്രാർഥനകൾക്കായി സൗജന്യ പ്രവേശനം അനുവദിക്കും. ഫീസ് ഏർപ്പെടുത്തിയത് സംബന്ധിച്ച ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.
സീസണുകളിൽ വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനാൽ ഈ നീക്കം അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി. മസ്ജിദിന്‍റെ സാംസ്കാരികവും ചരിത്രപരവുമായ സമഗ്രത കാത്തുസൂക്ഷിച്ച് വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി അധികൃതർ സ്വകാര്യ മേഖലയുമായി കൈകോർത്തതായും സുൽത്താൻ ഖാബൂസ് ഹയർ സെന്‍റർ ഫോർ കൾച്ചർ ആൻഡ് സയൻസ് വിഭാഗം അറിയിച്ചു.
സന്ദർശകരെ സഹായിക്കുന്നതായി വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന 35 ഒമാനി ഗൈഡുകളെയും നിയമിച്ചിട്ടുണ്ട്.