ശ്വാസകോശരോഗങ്ങൾ: തമിഴ്നാട്ടിൽ സ്ത്രീകൾ ബീഡിതെറുപ്പ് നിർത്തി മറ്റുജോലികൾ തേടുന്നു
ശ്വാസകോശരോഗമുൾപ്പെടെ വ്യാപകമാകുന്നതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ 80 ശതമാനം സ്ത്രീകളും ബീഡിതെറുപ്പ് നിർത്തി മറ്റുജോലികൾ തേടുന്നതായി പഠനം. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സർവേയിലാണ് വിവരം. ബീഡിത്തൊഴിലാളികളെ ബദൽ ഉപജീവനമാർഗത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു സർവേ.
ബീഡിതെറുപ്പുകാർ കൂടുതലുള്ള വെല്ലൂർ, തിരുനെൽവേലി ജില്ലകളിൽ ആയിരംതൊഴിലാളികൾ സർവേയിൽ പങ്കെടുത്തു. ഇതിൽ 78 ശതമാനം പേരും ശ്വാസകോശ അസുഖങ്ങൾ, വിട്ടുമാറാത്ത ജലദോഷം, ചുമ, ത്വഗ്രോഗങ്ങൾ തുടങ്ങിയവ നേരിടുന്നതായി വെളിപ്പെടുത്തി.
തിരുനെൽവേലി ജില്ലയിൽമാത്രം ഇതിനകം നൂറോളം സ്ത്രീകൾ തയ്യൽ, വിഗ് നിർമാണം ഉൾപ്പെടെ ബദൽതൊഴിലുകളിലേക്കു മാറി. വർഷങ്ങളായി ബീഡിതെറുത്ത് ഉപജീവനം നടത്തിയ 330 സ്ത്രീകൾക്ക് ഇതര തൊഴിൽമേഖലകളിൽ പരിശീലനം നൽകി. അവരിൽ ഭൂരിഭാഗവും ബീഡിതെറുപ്പ് ഉപേക്ഷിച്ചുവെന്ന് അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സൈക്കോ ഓങ്കോളജി മേധാവി പ്രൊഫ. സുരേന്ദ്രൻ വീരയ്യ പറഞ്ഞു.
തിരുനെൽവേലിയിൽ 52 സ്ത്രീകൾക്ക് തൊഴിൽനൽകുന്ന വിഗ്ഗ് നിർമാണ യൂണിറ്റ് ആശുപത്രി മുൻകൈയെടുത്ത് ആരംഭിച്ചു. ഇവിടെയിപ്പോൾ 24 സ്ത്രീകൾ ജോലിചെയ്യുന്നു. അതേസമയം, 11 പേർ വീടുകളിൽ തയ്യൽജോലി തുടങ്ങി. കന്നുകാലിവളർത്തൽ മുതൽ അധ്യാപനംവരെയുള്ള മേഖലകളിൽ 33 സ്ത്രീകൾ ജോലിചെയ്യുന്നു.