എസ്എച്ച്ഒയ്ക്ക് മസാജ് ചെയ്ത് നൽകി വനിത കോൺസ്റ്റബിൾ; വൈറലായി വിഡിയോ, അന്വേഷണം പ്രഖ്യാപിച്ചു
ആഗ്രയിൽ വനിത പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (എസ്എച്ച്ഒ) ഡ്യൂട്ടിക്കിടെ വനിത കോൺസ്റ്റബിൾ മസാജ് ചെയ്ത് നൽകുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ അന്വേഷണം പ്രഖ്യാപിച്ചു. യുപിയിലെ കസ്ഗഞ്ച് ജില്ലയിലെ എസ്എച്ച്ഒ ആയിരുന്ന മുനീത സിങ്ങിനെതിരെ വകുപ്പുതല അന്വേഷണത്തിന് പോലീസ് സൂപ്രണ്ട് സൗരഭ് ദീക്ഷിത് ഉത്തരവിട്ടു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എസ്എച്ച്ഒയെ സ്ഥലംമാറ്റി.
സ്റ്റേഷനിൽ നടന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കിൾ ഓഫീസർ (സിറ്റി) അജിത് കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് യുപിയിലെ കസ്ഗഞ്ച് വനിത പോലീസ് സ്റ്റേഷനിൽ നിന്നുള്ള 13 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തുവന്നത്. എസ്എച്ച്ഒ മുനീത സിങ് സ്റ്റേഷനിലെ കസേരയിൽ ഇരിക്കുന്നതും കോൺസ്റ്റബിൾ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥ ഇവർക്ക് മസാജ് ചെയ്ത് നൽകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇവർക്ക് സമീപത്തായി രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെയും കാണാം.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യപകമായതോടെയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. വീഡിയോ പകർത്തിയത് ആരാണെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. സ്റ്റേഷനിൽ ഉണ്ടായിരുന്നവരിലാരോ ആണ് ദൃശ്യം പകർത്തിയതെന്നാണ് നിഗമനം. പഴയ വീഡിയോ ആണ് പുറത്തുവന്നതെന്ന് സർക്കിൾ ഓഫീസർ (സിറ്റി) അജിത് കുമാർ പറഞ്ഞു. വളരെക്കാലം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം, ലഖ്നൗവിലെ താക്കൂർഗഞ്ച് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയയാളെ കൊണ്ട് കാൽ മസാജ് ചെയ്യിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.