സീത, അക്ബർ വിവാദം; സിംഹങ്ങൾക്ക് പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു
പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്നിങ്ങനെ പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ത്രിപുര പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് ത്രിപുര സസ്‌പെൻഡ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് സിംഹങ്ങൾക്ക് പേരിട്ട ഉദ്യോഗസ്ഥനെതിരെ ത്രിപുര സർക്കാർ നടപടിയെടുത്തിരിക്കുന്നത്. സിലിഗുരി സഫാരി പാർക്കിലെ അക്ബർ, സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവയെ ഒപ്പം താമസിപ്പിക്കുന്നതിനെ ചൊല്ലിയുമാണ് വിവാദമുണ്ടായത്.
അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കികൊണ്ട് കൽക്കട്ട ഹൈകോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിൽ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കൽക്കട്ട ഹൈക്കോടതി പറഞ്ഞിരുന്നു.
വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്നും സിംഹങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകണമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. മൃഗങ്ങൾക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങൾക്ക് ദേശീയ നായകന്മാരുടെ പേര് നൽകുമോയെന്നും കോടതി ചോദിച്ചു. എന്നാൽ സിംഹങ്ങൾക്ക് ഈ പേരുകൾ നൽകിയത് ത്രിപുരയാണെന്നാണ് ബംഗാൾ കോടതിയെ അറിയിച്ചത്. ഇതിന്റെ രേഖകളും ഹാജരാക്കുകയുണ്ടായി. സിംഹങ്ങളുടെ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ബംഗാൾ സർക്കാർ കോടതിയിൽ അറിയിച്ചു.