ട്രാന്‍സ്‍ജെൻഡറായ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്കു നേരെ ക്രൂരത; വസ്ത്രമുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് മർദിച്ചു
ട്രാന്‍സ്‍ജെൻഡറായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വസ്ത്രമുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് മർദിച്ചു. ചെന്നൈയിലാണ് സംഭവം നടന്നത്. പ്രദേശത്തു നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. ട്രാന്‍സ്ജെൻഡറാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിച്ചായിരുന്നു ആള്‍ക്കൂട്ട ആക്രമണം.
പമ്മൽ സ്വദേശിയായ 25 വയസ്സുള്ള ട്രാന്‍സ്‍ജെൻഡറാണ് ആക്രമിക്കപ്പെട്ടത്. പല്ലാവരത്തു നിന്ന് രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് നടന്നുവരുമ്പോൾ രണ്ട് പേർ തടഞ്ഞുനിർത്തുകയായിരുന്നു. താൻ ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണെന്ന് പറഞ്ഞിട്ടും വിട്ടില്ല. തെരുവുവിളക്കിന്‍റെ തൂണിന് സമീപത്തേക്ക് വലിച്ചിഴച്ച് കെട്ടിയിട്ടു. വസ്ത്രമുരിഞ്ഞ ശേഷമായിരുന്നു മർദനം. പിന്നീട് രണ്ട് പേർക്കൊപ്പം മറ്റ് ചിലരും ചേർന്നു. ഒടുവിൽ പോലീസ് സ്ഥലത്തെത്തിയാണ് എഞ്ചിനീയറെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ശങ്കർ നഗർ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന നന്ദകുമാർ (24), മുരുകൻ (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അഞ്ച് പേർക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.