തിരുപ്പതിയിൽ വീണ്ടും പുലി; തീർത്ഥാടകർ ഭീതിയിൽ
തീർത്ഥാടന കേന്ദ്രമായ തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് തിരുപ്പതിയിലെ കാനനപാതയിൽ പുലിയെ കണ്ടത്. തീർഥാടനപാതയിലുള്ള ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപമുള്ള നടപ്പാതയിലൂടെ പോയവരാണ് പുലിയെ കണ്ടത്. തീർഥാടകർ ബഹളം വച്ചതിനെത്തുടർന്ന് പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അലിപിരി വാക്ക് വേയിലെ ഏഴാം മൈലിൽ സ്ഥാപിച്ച കെണിയിൽ ഒരു പുലി കുടുങ്ങിയിരുന്നു. സ്ഥലത്ത് വീണ്ടും മറ്റൊരു പുലിയെ കണ്ടതോടെ തീർഥാടകർ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ആറ് വയസ്സുകാരിയെ ഒരു പുലി കടിച്ചു കൊന്നിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തെ തുടർന്ന് ഇന്ന് രാവിലെ ഒരു പുലി കെണിയിലായി. ഈ ആശ്വാസത്തിലായിരുന്നു തീർത്ഥാടകർ. തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലിയാണ് കെണിയിലായത്.
ആദ്യം പുലി കടിച്ചുകൊന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരമെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയെയാണ് അച്ഛനമ്മമാർക്കൊപ്പം നടക്കവേ പുലി ആക്രമിച്ചത്. ലക്ഷിതയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. പൊലീസെത്തിയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.
അതേസമയം തിരുപ്പതിയിൽ കുട്ടികളുമായി എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇനി കുട്ടികളുമായി തീർത്ഥാടനത്തിന് എത്തുന്നവരെ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ. കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെയാണ് പുതിയ നിർദ്ദേശം. തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായിയിട്ടുണ്ട്. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാർഡ് കാവലായി ഉണ്ടാവും. ഇനി ആരേയും ഒറ്റയ്ക്ക് മല കയറാനും അനുവദിക്കില്ല