കല്യാണ വീട്ടിൽ നിന്ന് ഡ്രൈ ഐസ് കഴിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം
കല്യാണ വീട്ടിൽ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു. അമ്മയോടൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്ത കുട്ടി, അവിടെ ഉണ്ടായിരുന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അന്ത്യം.
ഛത്തീസ്‍ഗഡിലെ രാജ്‍നന്ദ്ഗാവിലാണ് സംഭവം. വിവാഹ ചടങ്ങിൽ അലങ്കാര നിർമിതികൾക്ക് വേണ്ടിയാണത്രെ ഡ്രൈ ഐസ് കൊണ്ടുവന്നത്. വേദിയിൽ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് അമ്മയോടൊപ്പം ചടങ്ങിനെത്തിയ ഖുശാന്ത് സാഹു എന്ന കുട്ടി, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈ ഐസ് കഴിച്ചത്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ശേഷം കുട്ടിയ്ക്ക് ശാരീരിക അവശതകളുണ്ടായി. ഇതോടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു അന്ത്യം.
കാർബൺ ഡൈഓക്സൈഡിന്റെ സാന്ദ്രീകൃത രൂപമാണ് ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്. ഇത് അബദ്ധത്തിൽ കഴിച്ചാൽ പോലും 'കോൾഡ് ബേൺ' എന്ന് അറിയപ്പെടുന്ന തണുപ്പ് കൊണ്ടുള്ള പൊള്ളലേൽക്കും. മൈനസ് 78 ഡിഗ്രി സെൽഷ്യസ് ഉപരിതല താപനിലയിലുള്ള ഡ്രൈ ഐസ് മരുന്നുകളും ഭക്ഷ്യ വസ്തുക്കളും ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ കേടാകാതിരിക്കാൻ വേണ്ടി ഉപയോഗിക്കാറുണ്ട്. പെട്ടെന്ന് ഉരുകില്ലെന്നതിന് പുറമെ സാധനങ്ങളിൽ ഈർപ്പം തട്ടില്ലെന്നത് കൂടി ഡ്രൈ ഐസ് ഉപയോഗിക്കുമ്പോഴുള്ള നേട്ടമാണ്.
അതേസമയം ഡ്രൈ ഐസിന്റെ തെറ്റായ ഉപയോഗം വലിയ അപകടങ്ങൾ വരുത്തി വെയ്ക്കുകയും ചെയ്യും. കടുത്ത തണുപ്പ് കാരണം ഇവ പൊള്ളലിന് സമാനമായ അവസ്ഥയുണ്ടാക്കും. മാർച്ച് മാസത്തിൽ ഗുഡ്ഗാവിലെ ഒരു റസ്റ്റോറന്റിൽ മൗത്ത് ഫ്രഷ്നറിന് പകരം ഡ്രൈ ഐസ് ഉപയോഗിച്ചതിനെ തുടർന്ന് അഞ്ച് പേർക്ക് പൊള്ളലേൽക്കുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവർ റസ്റ്റോറന്റിൽ വെച്ച് രക്തം ഛർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.