സൂര്യനേയും ചന്ദ്രനേയും ഒരുപാട് നാൾ മൂടിവെയ്ക്കാൻ കഴിയില്ല; രാഹുലിന് അനുകൂലമായ വിധിയിൽ ശ്രീബുദ്ധനെ ഉദ്ധരിച്ച് പ്രിയങ്കഗാന്ധി
മോദി പരാമർശവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി പ്രിയങ്കഗാന്ധി . ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണതെന്നും അവര്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു
ബിജെപിയുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും രാഹുൽഗാന്ധി തളര്‍ന്നില്ല,കീഴടങ്ങിയില്ല,പകരം ജുഡീഷ്യൽ പ്രക്രിയയിൽ വിശ്വാസം അർപ്പിച്ചുവെന്ന് ജയറാം രമേശ് പ്രതികരിച്ചു.ബിജെപിക്കും അതിന്‍റെ കൂട്ടാളികൾക്കും ഇതൊരു പാഠമായിരിക്കും.നിങ്ങളുടെ ഏറ്റവും മോശമായത് നിങ്ങൾക്ക് ചെയ്യാം, പക്ഷേ ഞങ്ങൾ പിന്നോട്ട് പോകില്ല.സര്‍ക്കാരിന്‍റെ പരാജയങ്ങൾ തുറന്നുകാട്ടുന്നതും വിളിച്ചുപറയുന്നതും തുടരും. ഭരണഘടനാ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ നരേന്ദ്രമോദി കളിച്ച നാണംകെട്ട രാഷ്ട്രീയ കളികളിൽ അന്തിമവിജയം രാഹുൽജിക്ക് ഒപ്പം തന്നെയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്തിരിക്കുന്നു.അദ്ദേഹത്തിന്റെ ചോദ്യശരങ്ങളെ ഭയക്കുന്ന മോദിക്ക് പാർലമെന്റിൽ ഇനിയും ഭയന്നിരിക്കാമെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.