കലാപഭൂമിയായി മാറിയ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിയോട് പലതവണ ആവശ്യപ്പെട്ടിരുന്നു ; തയ്യാറായില്ലെന്ന് മുൻ മണിപ്പൂർ ഗവർണർ അനസൂയ യുകെയ്
കലാപം രൂക്ഷമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മുൻ ഗവർണർ അനസൂയ യുകെയ്. സംസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രിയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
''പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന് മണിപ്പൂരിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നു. അവർ തനിക്ക് തന്ന നിരവധി നിവേദനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹം മണിപ്പൂർ സന്ദർശിക്കാൻ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല''-ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ അനസൂയ പറഞ്ഞു.
2023 ഫെബ്രുവരിയിൽ ഗവർണറായി അധികാരമേറ്റ യുകെയ് ഈ വർഷം ജൂലൈയിലാണ് സ്ഥാനമൊഴിഞ്ഞത്. ഏതാനും മാസത്തെ ശാന്തതക്ക് ശേഷം ഈ മാസം ആദ്യത്തിൽ മണിപ്പൂരിൽ വീണ്ടും സംഘർഷങ്ങളുണ്ടായതിൽ അവർ ആശങ്ക രേഖപ്പെടുത്തി. കുകി, മെയ്‌തെയ് വിഭാഗങ്ങൾക്കിടയിൽ പരസ്പരം വിശ്വാസം വർധിപ്പിക്കുക മാത്രമാണ് മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള മാർഗമെന്നും അതിന് കേന്ദ്രസർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അനസൂയ ആവശ്യപ്പെട്ടു.
മണിപ്പൂരിലെ സംഘർഷത്തിന് അന്താരാഷ്ട്ര ബന്ധമുണ്ട്. അതുകൊണ്ടാണ് സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കാൻ താൻ ശ്രമിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി ബിരേൻ സിങ് അതിനെ പിന്തുണച്ചില്ല. സംഘർഷാവസ്ഥ തുടരാൻ കാരണക്കാരൻ മുഖ്യമന്ത്രിയാണെന്നും അനസൂയ പറഞ്ഞു.
സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യമുള്ള നാടാണ് മണിപ്പൂർ. സമാധാനം നിലനിന്നിരുന്ന സംസ്ഥാനത്ത് ഈ നവംബറിൽ വീണ്ടും സംഘർഷം ഉടലെടുത്തു. അതെങ്ങനെ സംഭവിച്ചുവെന്ന് തനിക്കറിയില്ല. പക്ഷെ ഒരു സ്ത്രീയെ കൊന്ന് കത്തിച്ചുവെന്ന് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയി. സമാധാനം വീണ്ടെടുക്കാൻ ആത്മവിശ്വാസവും പരസ്പര വിശ്വാസവും വളർത്തിയെടുക്കണമെന്നും മുൻ ഗവർണർ അഭ്യർഥിച്ചു.